തിരുവനന്തപുരം: പൊലീസ് ഉന്നതരുടെ അവിഹിത ഇടപാടിന്റെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ഡിജിപിയുമായി ക്ലിഫ് ഹൗസില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി.
ഒന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ക്രൈംബാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനെയും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തി. എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍, സസ്‌പെന്‍ഷനിലായ മുന്‍ പത്തനംതിട്ട എസ്.പി സുജിത് ദാസ് എന്നിവര്‍ക്കെതിരായ ആരോപണങ്ങളും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസും ചര്‍ച്ച ചെയ്തു
എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും അടിയന്തര കൂടിക്കാഴ്ച ഏറെ അഭ്യൂഹങ്ങള്‍ക്ക് ഇട വരുത്തി.
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ എഡിജിപി എം.ആര്‍ അജിത് കുമാറിനെ നീക്കണമെന്ന ആവശ്യം സര്‍ക്കാരിലും ഇടതുമുന്നണിയിലും ശക്തമാവുകയാണ്. പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന് കാക്കാതെ മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നാണ് ആവശ്യം.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍ സമ്മതിച്ചിട്ടുണ്ട്. സുഹൃത്തിന്റെ ക്ഷണ പ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ നല്‍കിയ വിശദീകരണം.
കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ നേതാവ് ദുരൂഹത ആരോപിച്ചതിന് പിന്നാലെയായിരുന്നു വിശദീകരണം. എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസിന്റെ മറ്റൊരു നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തിയെന്ന വിവരം ഇന്ന് പുറത്തു വന്നു.
എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആണ് ആരോപണങ്ങള്‍ അന്വേഷിക്കുന്നത്.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്നും വിശദമായ അന്വേഷണം വേണമെന്നും രേഖാ മൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അജിത് കുമാര്‍ വ്യക്തമാക്കിയത്. എന്നാല്‍ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്താതെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
ഫോണ്‍ ചോര്‍ത്തല്‍, കൊലപാതകം, സ്വര്‍ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ് എം.ആര്‍ അജിത് കുമാറിനെതിരെ ഭരണകക്ഷി എംഎല്‍എയായ പി.വി അന്‍വര്‍ ഉയര്‍ത്തിയത്. ഇതിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
അതിനിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍ നാല് ദിവസത്തേക്ക് അവധിയപേക്ഷ നല്‍കി. സെപ്റ്റംബര്‍ 14 മുതല്‍ 17 വരെയാണ് അവധി. സര്‍ക്കാര്‍ ഇത് അംഗീകരിച്ചതായാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.