കുവൈറ്റ് സിറ്റി: അപ്പസ്തോലിക് വികാരിയേറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ കുവൈറ്റിലെ അബ്ബാസിയാ സെൻ്റ് ഡാനിയേൽ കംമ്പോണി ഇടവക വികാരി ഫാ. ജോണി ലോണീസ് മഴുവൻഞ്ചേരി OFM Cap നെ സ്ഥലം മാറ്റിയ സഭാ നേതൃത്വത്തിൻ്റെ നടപടിയിൽ കുവൈറ്റിലെ സീറോ മലബാർ വിശ്വാസ സമൂഹം കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ്.
കാലം ചെയ്ത ബിഷപ്പ് കമിലോ ബാലിനാണ് 2017 ൽ ഫാ. ജോണി ലോണിസ് മഴുവൻഞ്ചേരിയെ അബ്ബാസിയാ ഇടവകയുടെ വികാരിയായി നിയമിക്കുന്നത്.
അന്ന് മുതൽ തനിക്ക് ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ഇടവക ജനത്തിൻ്റെ ആത്മീയ ഉൽക്കർഷത്തിനു വേണ്ടി യത്നിക്കുന്ന തീക്ഷണതയുള്ള വൈദികനായും ഇടവകയുടെ ഭൗതിക കാര്യങ്ങൾ സത്യസന്ധമായും കൃത്യതയോടെയും നിർവഹിക്കുന്ന ഭരണാധികാരിയായും ജോണിയച്ചൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇടവക ജനത്തിൻ്റെ മനസിൽ ചിരപ്രതിഷ്ഠ നേടി.
ഭാരതത്തിൽ നിന്നുള്ള മൂന്ന് റീത്തുകളിലെ വിവിധ സംസ്ഥാനക്കാരായ 15000 ത്തോളം വരുന്ന വിശ്വാസ സമൂഹത്തെ, വിവിധങ്ങളായ മുത്തുകൾ കൊണ്ട് ഒരു നൂലിൽ കോർത്ത മാല പോലെ അവരെ നയിച്ചു. പകർച്ചവ്യാധിയുടെ പ്രതിസന്ധിയിലും ഇടവകയെ ധീരമായി നയിച്ച തങ്ങളുടെ പ്രിയപ്പെട്ട ജോണിയച്ചന് സമുചിതമായ ഒരു യാത്രയയപ്പ് നൽകാൻ സാധിക്കാത്തതിലുള്ള വേദനയിലാണ് സീറോ മലബാർ സമൂഹം.
സഭാധികാരികളുടെ ആജ്ഞകൾക്ക് വിധേയപ്പെടുമ്പോൾ തൻ്റെ വ്രത വാഗ്ദാനങ്ങളിലൊന്നായ അനുസരണമെന്ന പുണ്യത്തിന് കീഴ്‌വഴങ്ങുന്ന മാതൃകാ വൈദികന് മുന്നോട്ടുള്ള വഴികളിൽ ദൈവേഷ്ടം നിറവേറ്റുവാൻ ഇനിയും സാധിക്കട്ടെയെന്നുള്ള പ്രാർത്ഥനയാണ് വിശ്വാസി സമൂഹത്തിൻ്റെ ആശംസ.
സ്വയം ഭരണവകാശമുള്ള സീറോ മലബാർ സഭയ്ക്ക് മധ്യ പൗരസ്ത്യ ദേശത്ത് പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പാ വാഗ്ദാനം ചെയ്തിരിക്കുന്ന രൂപതാ സംവിധാനം യാഥാർത്ഥ്യമാകുവാൻ സീറോ മലബാർ സഭാ നേതൃത്വം ആത്മാർത്ഥമായി ശ്രമിക്കണമെന്നും വിശ്വാസി സമൂഹം ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.