റഷ്യ- ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണായക ഇടപെടലുമായി ഇന്ത്യ; അജിത് ഡോവല്‍ മോസ്‌കോയിലേക്ക്

റഷ്യ- ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണായക ഇടപെടലുമായി ഇന്ത്യ; അജിത് ഡോവല്‍ മോസ്‌കോയിലേക്ക്

ന്യൂഡല്‍ഹി: റഷ്യയും ഉക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ഇന്ത്യ. അതിന്റെ ഭാഗമായുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച മോസ്‌കോ സന്ദര്‍ശിക്കും. സെപ്റ്റംബര്‍ 10,11 തിയതികളില്‍ അദ്ദേഹം മോസ്‌കോ സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.

അടുത്തിടെ റഷ്യയും ഉക്രെയ്‌നും സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രേ മോഡി യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോവല്‍ റഷ്യയിലേക്ക് പോകുന്നത്.

രാഷ്ട്രീയ, നയതന്ത്ര ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചിരുന്നു. തുടരുന്ന സംഘര്‍ഷത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച മോഡി ഇരു രാജ്യങ്ങളും നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകളിലൂടെ എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കണമെന്നും നിര്‍ദേശിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ ടെലിഫാേണ്‍ സംഭാഷണത്തില്‍ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഡോവല്‍ മോസ്‌കോ സന്ദര്‍ശിക്കുമെന്ന് മോഡി അറിയിച്ചിരുന്നു.

ഇന്ത്യയ്ക്ക് പ്രശ്‌ന പരിഹാരത്തിന് നിര്‍ണായ പങ്കുവഹിക്കാനാകുമെന്ന് റഷ്യന്‍ അധികൃതരും വ്യക്തമാക്കി. യുദ്ധത്തിന് അവസാനം കാണാന്‍ ഇരു രാജ്യങ്ങളും തമ്മിലുളള തുറന്ന ചര്‍ച്ച വേണമെന്നും പ്രായോഗിക ഇടപെടലുകളിലൂടെയേ പരിഹാരം ഉണ്ടാവൂ എന്നാണ് ഇന്ത്യയുടെ നിലപാട്.

'നിഷ്പക്ഷ നിലപാടല്ല തങ്ങള്‍ക്കുള്ളത്. ഞങ്ങള്‍ ഒരു പക്ഷത്താണ്. അത് സമാധാനത്തിന്റെ പക്ഷമാണ്. അവിടെ ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നു' എന്നാണ് പ്രധാനമന്ത്രി ഉക്രെയ്ന്‍ സന്ദര്‍ശന വേളയില്‍ പറഞ്ഞത്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും പരസ്പരം വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. റഷ്യയിലെ ഊര്‍ജ്ജ കേന്ദ്രങ്ങളിലേക്കും എണ്ണ ശുദ്ധീകരണ ശാലയിലേക്കും ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ആളപായമില്ലെങ്കിലും നിരവധിയിടങ്ങളില്‍ തീപിടിത്തമുണ്ടായി. 150 ലേറെ ഡ്രോണുകളാണ് റഷ്യന്‍ സൈന്യം തകര്‍ത്തത്.

തിരിച്ചടിയായി ഉക്രെയ്‌നിലെ ഖാര്‍ക്കീവില്‍ റഷ്യ നടത്തിയ മിസൈലാക്രമണത്തില്‍ 41 പേര്‍ക്കാണ് പരിക്കേറ്റത്. സൂപ്പര്‍ മാര്‍ക്കറ്റ് അടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. സുമി നഗരത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.