ചണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ആഭ്യന്തര കലഹം രൂക്ഷമായ ഹരിയാന ബിജെപിയില്‍ കൊഴിഞ്ഞുപോക്കലുകള്‍ തുടരുന്നു. സംസ്ഥാന വൈസ് പ്രസിഡൻ്റും ഗുരുഗ്രാമിൽ നിന്നുള്ള ബ്രാഹ്മണ സമുദായ നേതാവുമായ ജി.എൽ ശർമ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത് കനത്ത തിരിച്ചടിയായി.
ബിജെപി വിട്ട ശര്‍മ കോൺഗ്രസിൽ ചേർന്നു. ശർമയ്‌ക്കൊപ്പം 250-ലധികം ഭാരവാഹികളും ബിജെപിയിലെയും മറ്റ് വിവിധ സംഘടനകളിലെയും ആയിരക്കണക്കിന് പ്രവർത്തകരും കോൺഗ്രസ് അംഗത്വമെടുത്തു. ഹരിയാന സർക്കാരിൽ ക്ഷീരവികസന കോർപ്പറേഷൻ്റെ ചെയർമാനായും ശർമ പ്രവർത്തിച്ചിരുന്നു.
കോൺഗ്രസ് നേതാവും രണ്ട് തവണ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ കോൺഗ്രസിൽ പുതിയ സഹപ്രവർത്തകർ ചേരുന്നത് സംഘടനയ്ക്ക് പുതിയ ഊർജ്ജം നൽകുമെന്ന് ചടങ്ങിൽ പറഞ്ഞു. 'എല്ലാ സമുദായങ്ങളുടെയും താൽപര്യങ്ങൾ സുരക്ഷിതമായ രാജ്യത്തെ ഏക പാർട്ടി കോൺഗ്രസ് മാത്രമാണ്. തൊഴിൽ, വികസനം, കായികം, നിക്ഷേപം എന്നിവയിൽ സംസ്ഥാനത്തെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിക്കാൻ ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും, ഹൂഡ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. കഴിഞ്ഞ ബുധനാഴ്ചയാണ് ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടത്. 67 സ്ഥാനാർഥികളുടെ പട്ടികയിൽ നിന്ന് ഒമ്പത് സിറ്റിംഗ് എംഎൽഎമാരെ ബിജെപി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുകള്‍ ഉയര്‍ന്നത്. ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി രഞ്ജിത്ത് സിങ് ചൗട്ടാല മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് ദിവസത്തിനിടെ 20ലേറെ നേതാക്കളാണ് പാര്‍ട്ടി വിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.