പോർട്ട് മോർസ്ബി: സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നവരുടെ അടുത്തേക്ക് കടന്നുവരുന്നവനാണ് ദൈവമെന്ന് ഫ്രാൻസിസ് മാർപാപ്പ. സുവിശേഷത്തോട് തുറവിയുള്ളവരാകണമെന്നും അതിനെ ജീവിതയാത്രയുടെ ദിശാസൂചികയാക്കണമെന്നും പാപുവ ന്യൂഗിനിയയിലെ ജനങ്ങളോട് മാർപാപ്പ ആഹ്വാനം ചെയ്തു.
പസഫിക് ദ്വീപരാഷ്ട്രമായ പാപുവ ന്യൂഗിനിയയുടെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിലെ സർ ജോൺ ഗൈസ് സ്റ്റേഡിയത്തിൽ ഞായറാഴ്ച രാവിലെ ദിവ്യബലി അർപ്പിച്ച് വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ. പ്രാദേശിക അധികാരികളുടെ കണക്കനുസരിച്ച് ഏകദേശം 35000 പേരാണ് ദിവ്യബലിയിൽ പങ്കെടുത്തത്. രാജ്യത്തിൻ്റെ പ്രധാനമന്ത്രി ജെയിംസ് മറാഡെയും ദിവ്യബലിയിൽ പങ്കെടുത്തു.
ദൈവത്തിൽ നിന്നുള്ള അകലം
ബധിരനും മൂകനുമായ ഒരു മനുഷ്യനെ യേശു സുഖപ്പെടുത്തുന്നതിനെക്കുറിച്ച് വിവരിക്കുന്ന സുവിശേഷ വായനയെ ആധാരമാക്കിയാണ് പരിശുദ്ധ പിതാവ് ധ്യാനചിന്തകൾ പങ്കുവച്ചത്. ആ സംഭവത്തിലെ രണ്ടു ഘടകങ്ങളിലാണ് പാപ്പാ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ബധിരന്റെ 'വിദൂരതയും' യേശുവിന്റെ 'സാമീപ്യവും' ആണ് അവ.
യഹൂദമതത്തിൻ്റെ കേന്ദ്രമായിരുന്ന ജെറുസലേമിൽ നിന്നും വളരെദൂരെ, വിജാതീയർ അധിവസിച്ചിരുന്ന ദെക്കാപോളിസ് പ്രദേശത്തുനിന്നുള്ളവനായിരുന്നു ആ ബധിരൻ. അവൻ ലോകത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ടവനെപ്പോലെയും തൻ്റെ ബധിരതയുടെയും മൂകതയുടെയും തടവറയിൽ ഒറ്റപ്പെട്ടവനെപ്പോലെയും ആയിരുന്നു - പാപ്പാ പറഞ്ഞു.
യേശുവിന്റെ സാമീപ്യം
ദൈവത്തിൽ നിന്നുള്ള ഈ അകലം നമുക്കും ജീവിതത്തിൽ ചിലപ്പോഴൊക്കെ അനുഭവപ്പെട്ടേക്കാം. എന്നാൽ തന്റെ സാമീപ്യം നമുക്ക് അനുഭവവേദ്യമാക്കിക്കൊണ്ടാണ് അപ്രകാരമുള്ള അവസരങ്ങളിൽ അവിടുന്ന് അതിനോടു പ്രതികരിക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തപ്പെട്ടവരുടെ അരികിലേക്ക് യേശു കടന്നുചെല്ലുന്നതായി സുവിശേഷം നമുക്ക് കാണിച്ചുതരുന്നു. എല്ലാ അകലങ്ങളും ഇല്ലാതാക്കാനും അവരുടെ ജീവിതങ്ങളെ സ്പർശിക്കാനുമായിരുന്നു അവിടുന്ന് അപ്രകാരം ചെയ്തത്.
തൻ്റെ സാമീപ്യത്തിലൂടെ യേശു ആ മനുഷ്യൻ്റെ ബധിരതയും മൂകതയും സുഖപ്പെടുത്തി. ദൈവത്തിൽനിന്നോ നമ്മുടെ സഹോദരങ്ങളിൽനിന്നോ നമ്മിൽനിന്ന് വ്യത്യസ്തരായവരിൽനിന്നോ അകലം പാലിക്കുമ്പോഴെല്ലാം നാം സ്വയം അടച്ചുപൂട്ടുകയും മതിലുകൾ പണിയുകമാണ് ചെയ്യുന്നത്. എങ്കിലും യേശു അടുത്തുവന്ന്, ബധിരനായ ആ മനുഷ്യനോട് പറഞ്ഞതുപോലെ നമ്മോടും എഫ്ഫാത്താ - തുറക്കപ്പെടട്ടെ - എന്ന് പറയുന്നു. (മർക്കോസ് 7:34)
അകലെയാണെങ്കിലും ഐക്യം
പാപുവ ന്യൂഗിനിയ നിവാസികൾക്കായി ആ ദിവസത്തെ സുവിശേഷത്തിൽ നിന്ന് ഒരു പ്രത്യേക സന്ദേശം നൽകികൊണ്ടാണ് പരിശുദ്ധ പിതാവ് തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്: "സഹോദരരീ സഹോദരന്മാരെ, പസഫിക് സമുദ്രമധ്യേ ആയിരിക്കുന്ന നിങ്ങൾക്ക് ഒരുപക്ഷേ കർത്താവിൽ നിന്നും മറ്റുള്ളവരിൽ നിന്നും വേർപെട്ടിക്കുന്നതായ ഒരു പ്രതീതി ഉണ്ടായേക്കാം. എന്നാൽ അത് ശരിയല്ല. കർത്താവിലും പരിശുദ്ധാത്മാവിലും നാം പരസ്പരം ഐക്യപ്പെട്ടിരിക്കുന്നു. അതിനാൽ കർത്താവ് നിങ്ങൾ ഓരോരുത്തരോടും പറയുന്നു - തുറക്കപ്പെടട്ടെ! സുപ്രധാനമായ കാര്യം ഇതാണ്: ദൈവത്തോടും സഹോദരീ സഹോദരന്മാരോടും തുറവിയുണ്ടായിരിക്കുക. സുവിശേഷത്തിനായി നമ്മെത്തന്നെ തുറന്നിടുക. സുവിശേഷത്തെ നമ്മുടെ ദിശാസൂചികയാക്കി മാറ്റുക."
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.