അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ മലപ്പുറം പൊലീസില്‍ കൂട്ട സ്ഥലം മാറ്റം; എസ്പി ശശിധരനും ഡിവൈഎസ്പിമാര്‍ക്കും സ്ഥാന ചലനം

അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ മലപ്പുറം പൊലീസില്‍ കൂട്ട സ്ഥലം മാറ്റം; എസ്പി ശശിധരനും ഡിവൈഎസ്പിമാര്‍ക്കും സ്ഥാന ചലനം

തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ മലപ്പുറം ജില്ലയിലെ പൊലീസില്‍ കൂട്ട സ്ഥലം മാറ്റം. എസ്.പി സ്ഥലം മാറ്റം.

ജില്ലയില്‍ എസ്.പി എസ്. ശശിധരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാന ചലനം. ശശിധരന് പകരം പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്.പിയാകും. ഡിവൈഎസ്പിമാര്‍ക്കും സ്പെഷ്യല്‍ ബ്രാഞ്ച് അടക്കമുള്ള സബ് ഡിവിഷനിലുള്ളവര്‍ക്കും സ്ഥലം മാറ്റമുണ്ടായി.

നേരത്തെ പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ പത്തനംതിട്ട എസ്.പിയായിരുന്ന സുജിത് ദാസിനെ ആഭ്യന്തര വകുപ്പ് സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറം ജില്ലയില്‍ എസ്.പി ഉള്‍പ്പെടെയുള്ളവര്‍ നടപടി നേരിടുന്നത്.

പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയില്‍ താനൂര്‍ ഡിവൈഎസ്പി ബെന്നിയെയും സ്ഥലം മാറ്റിയിട്ടുണ്ട്. കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റം. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി.

അതിനിടെ അവധി പിന്‍വലിക്കാന്‍ ആരോപണ വിധേയനായ എഡിജിപി അജിത് കുമാര്‍ അപേക്ഷ നല്‍കി. മലപ്പുറത്തെ കൂട്ട സ്ഥലം മാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. ഈ മാസം 14 മുതല്‍ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്.

അതേസമയം പൊലീസില്‍ ഉന്നത തലത്തില്‍ വീണ്ടും മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയിരുന്നു. സി.എച്ച് നാഗരാജുവിനെ ഗതഗത കമ്മീഷണറായും ദക്ഷിണ മേഖലെ ഐജിയായി ശ്യാം സുന്ദറിനേയും നിയമിച്ചു.

നിലവില്‍ കൊച്ചി കമ്മീഷണര്‍ ആണ് ശ്യാം സുന്ദര്‍. എ. അക്ബര്‍ ക്രൈം ബ്രാഞ്ച് ഐജിയായി തുടരും. പി.വി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിച്ച എല്ലാ ഉദ്യോഗസഥര്‍ക്കും മാറ്റം നല്‍കിയെങ്കിലും പ്രധാന ആരോപണ വിധേയനായ എഡിജിപി അജിത് കുമാറിന് മാത്രം മാറ്റമില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.