പല മദ്രസകളും പ്രവര്‍ത്തിക്കുന്നത് നിയമപരമല്ല; നല്‍കുന്നത് ശരിയായ വിദ്യാഭ്യാസമല്ല': ദേശീയ ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍

പല മദ്രസകളും പ്രവര്‍ത്തിക്കുന്നത് നിയമപരമല്ല; നല്‍കുന്നത് ശരിയായ വിദ്യാഭ്യാസമല്ല': ദേശീയ ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഇസ്ലാമിക മത വിദ്യാഭ്യാസ പാഠശാലകളായ മദ്രസ സമ്പ്രദായം ശരിയായ വിദ്യാഭ്യാസത്തിന് അനുയോജ്യമല്ലെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

മദ്രസ ഏകപക്ഷീയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ശരിയായ വിദ്യാഭ്യാസം ലഭിക്കാന്‍ പറ്റിയ രീതിയല്ല ഇതെന്നാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്.

ഭരണഘടനാപരമായ ഉത്തരവ്, വിദ്യാഭ്യാസ അവകാശ നിയമം, 2015 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവയുടെ മൊത്തത്തിലുള്ള ലംഘനമാണ് ഇതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

'2009 ലെ ആര്‍ടിഇ നിയമത്തിന്റെയോ മറ്റേതെങ്കിലും ബാധകമായ നിയമങ്ങളുടെയോ ആവശ്യകതകള്‍ പാലിക്കാത്തതും പൂര്‍ണമായും മതത്തിന്റെ പശ്ചാത്തലത്തിലുള്ളതുമായ പ്രബോധനം നല്‍കാനുള്ള ഇത്തരം സമ്പ്രദായങ്ങള്‍ കുട്ടികളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ്' - കമ്മിഷന്‍ വ്യക്തമാക്കി.

2009 ലെ ആര്‍ടിഇ നിയമത്തിലെ സെക്ഷന്‍ 2 (എന്‍) പ്രകാരം ഒരു സ്‌കൂള്‍ എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന ഏതെങ്കിലും അംഗീകൃത സ്‌കൂള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ നിര്‍വചനത്തിന് പുറത്തുള്ള ഒരു മദ്രസയ്ക്ക് കുട്ടികളെയോ അവരുടെ കുടുംബങ്ങളെയോ മദ്രസ വിദ്യാഭ്യാസം നേടാന്‍ നിര്‍ബന്ധിക്കാന്‍ അവകാശമില്ല.

ശരിയായ പാഠ്യ പദ്ധതിയുടെ അഭാവം, അധ്യാപക യോഗ്യത, ഫണ്ടിങിലെ സുതാര്യതയില്ലായ്മ, രാജ്യത്തെ നിയമങ്ങളുടെ ലംഘനങ്ങള്‍ എന്നിവ കണക്കിലെടുത്ത് കുട്ടികള്‍ക്ക് സമഗ്രമായ അന്തരീക്ഷം നല്‍കുന്നതില്‍ മദ്രസകളും പരാജയപ്പെട്ടെന്നും ബാലാവകാശ കമ്മീഷന്‍ വാദിച്ചു.

ഭൂരിഭാഗം മദ്രസകള്‍ക്കും സാമൂഹിക പരിപാടികളോ ഫീല്‍ഡ് ട്രിപ്പുകള്‍ പോലെയുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളോ എങ്ങനെ ആസൂത്രണം ചെയ്യണമെന്ന് പോലും അറിയില്ല. ഇത്തരം പ്രവര്‍ത്തി പരിചയമുള്ള പഠനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമാണ്. മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തേക്കാള്‍ മതപഠനത്തിനാണ് ഇവര്‍ പ്രാധാന്യം കൊടുക്കുന്നത്.

ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മദ്രസ വിദ്യാഭ്യാസ ബോര്‍ഡിനെ ഒരു അക്കാദമിക് അതോറിറ്റിയായി കണക്കാക്കരുതെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. അത് കേവലം പരീക്ഷകള്‍ നടത്താന്‍ വേണ്ടിയുള്ള ഒരു ബോഡി മാത്രമാണ്.

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഫണ്ട് സ്വീകരിക്കുകയും അംഗീകരിക്കപ്പെടാത്തതുമായ മദ്രസകളില്‍ കുട്ടികള്‍ പഠിക്കുന്നത് വ്യക്തമായ നിയമ ലംഘനമാണ്. അടിസ്ഥാന പാഠ്യപദ്ധതിയില്ലാത്ത അത്തരം വിദ്യാഭ്യാസ സമ്പ്രദായം സര്‍ക്കാറിന്റെ ചെലവില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല.

എല്ലാ സംസ്ഥാനങ്ങളിലും മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിഹാര്‍, ഛത്തീസ്ഗഡ്, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മാത്രമാണ് മദ്രസ ബോര്‍ഡ് ഉള്ളതെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.