തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതടക്കമുള്ള വിവാദം മുറുകുമ്പോഴും എഡിജിപി എം.ആര്‍ അജിത് കുമാറിന് സംരക്ഷണ കവചമൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇതോടെ അജിത് കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പായി. അജണ്ടയില്‍ വെച്ച് ചര്‍ച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്നാണ് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്.
ആര്‍എസ്എസ് നേതാക്കളെ കണ്ടത് കൂടി അന്വേഷിക്കാമെന്നും അതിന് ശേഷം നടപടി എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐയും എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ബിനോയ് വിശ്വം, വര്‍ഗീസ് ജോര്‍ജ്, പി.സി ചാക്കോ എന്നിവര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ശക്തമായി വാദിച്ചു. എന്നാല്‍ സാങ്കേതിക വാദം ഉയര്‍ത്തിയാണ് മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി നല്‍കിയത്.
എഡിജിപി മാറ്റാന്‍ നടപടിക്രമം ഉണ്ടെന്നും ആരോപണങ്ങളില്‍ അന്വേഷണം തീരട്ടെയെന്നുമാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റുന്നത് മന്ത്രിസഭാ യോഗത്തിലും ഇന്ന് ചര്‍ച്ചയായിരുന്നില്ല.
അതിനിടെ നാല് ദിവസത്തെ അവധി അപേക്ഷ എഡിജിപി പിന്‍വലിച്ചു. വിവാദം മുറുകുന്നതിനിടെയാണ് ശനിയാഴ്ച മുതല്‍ നാല് ദിവസം അവധിയെടുക്കാനുള്ള തീരുമാനം അജിത് കുമാര്‍ മാറ്റിയത്. ഇന്നലെ മലപ്പുറത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിന് പിന്നാലെയാണ് തീരുമാനം.
അവധി നീട്ടാനുള്ള ആവശ്യം നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു. അവധിയെടുക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപം പി.വി അന്‍വര്‍ അടക്കം ഉന്നയിച്ച സാഹചര്യത്തിലാണോ പിന്മാറ്റമെന്ന് വ്യക്തമല്ല. വിവാദങ്ങള്‍ക്ക് മുമ്പ് ചില സ്വകാര്യ ആവശ്യങ്ങള്‍ക്കായിരുന്നു അവധി ചോദിച്ചിരുന്നത്.
അന്‍വറിന് ഒപ്പം അജിത് കുമാറിന്റെയും പരാതി ഉള്ളതിനാല്‍ അദേഹത്തിന്റെയും മൊഴി ഡിജിപി രേഖപ്പെടുത്തും. അപ്പോഴും അന്‍വറിന്റെ പരാതിയിലെ അന്വേഷണത്തിനപ്പുറം ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ എഡിജിപിക്കെതിരായ നടപടി എന്ത് എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.