പ്രാര്‍ത്ഥനകള്‍ വിഫലം: ശ്രുതിയെ തനിച്ചാക്കി ജെന്‍സണ്‍ വിടവാങ്ങി

 പ്രാര്‍ത്ഥനകള്‍ വിഫലം: ശ്രുതിയെ തനിച്ചാക്കി ജെന്‍സണ്‍ വിടവാങ്ങി

കല്‍പ്പറ്റ: ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അമ്പലവയല്‍ സ്വദേശി ജെന്‍സണ്‍ മരിച്ചു. അതീവ ഗുരുതര നിലയിലായിരുന്ന ജെന്‍സണ്‍ വെന്റിലേറ്റിലായിരുന്നു. ഇന്ന് രാത്രി എട്ടോടെയാണ് ജെന്‍സന്റെ മരണം സ്ഥീരികരിച്ചത്.

വയനാട് ദുരന്തത്തില്‍ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെന്‍സണ്‍.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നും ജീവന്‍ നിലനിര്‍ത്താനാവശ്യമായ എല്ലാ ഉപകരണ സഹായവും നല്‍കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ വൈകുന്നേരം ഏകദേശം ആറോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ മൂക്കില്‍ നിന്ന് അനിയന്ത്രിതമായ രക്തസ്രാവമുണ്ടായിരുന്നു. കൂടാതെ തലയോട്ടിക് അകത്തും പുറത്തും രക്തസ്രാവമുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ വളരെയധികം പരിശ്രമിച്ചിട്ടും രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നിലാണ് അപകടം ഉണ്ടായത്. സ്വകാര്യ ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനാപകടത്തില്‍ ഒന്‍പത് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ഉള്‍പ്പെട്ട ശ്രുതിയെയും ജെന്‍സണിനെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്ക് പരിക്കേറ്റ ജെന്‍സണെ അടിയന്തരമായി മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയായിരുന്നു. കുടുംബത്തോടൊപ്പം കോഴിക്കോട്ടെ ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു ജെന്‍സണും ശ്രുതിയും. വാനിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്.

വെള്ളാരംകുന്ന് മേഖലയിലെ വളവില്‍വച്ച് ഇവര്‍ സഞ്ചരിച്ച വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ശ്രുതിക്ക് കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം തന്നെ ശസ്ത്രക്രിയ നടന്നിരുന്നു. വയനാട് ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, അനുജത്തി ശ്രേയ എന്നിവരെ കാണാതായിരുന്നു. ശ്രേയയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.