"നമ്മുടെ സൈന്യത്തിന്റെ ത്യാഗത്തെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ഇന്ത്യന്‍ സൈന്യം ചൈനയ്‌ക്കെതിരേ നിലകൊളളാന്‍ തയ്യാറാണ്. വ്യോമസേന തയ്യാറാണ്, നാവികസേന തയ്യാറാണ്. പക്ഷേ നമ്മുടെ പ്രധാനമന്ത്രി തയ്യാറല്ല. ഫിംഗര്‍ നാല് വരെയാണ് ഇന്ത്യയുടെ പോസ്റ്റ്. അവിടെ നിന്നും ഫിംഗര്‍ മൂന്നിലേക്ക് പിന്മാറി. ഇത് എന്തിനു വേണ്ടിയാണെന്ന് പ്രതിരോധമന്ത്രി മറുപടി പറയണം"
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് വിട്ടുനല്‍കിയെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭീരുവായ പ്രധാനമന്ത്രി ചൈനയ്ക്കെതിരെ നിലപാടെടുക്കാന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്കും വടക്കുമുള്ള പ്രദേശങ്ങളില്‍നിന്ന് ഇന്ത്യയും ചൈനയും ബുധനാഴ്ച മുതല്‍ സൈനികരെ പിന്‍വലിക്കാന്‍ തുടങ്ങിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശം.
ഫിംഗര്‍ നാല് വരെയാണ് ഇന്ത്യയുടെ പോസ്റ്റ്. അവിടെ നിന്നും ഫിംഗര്‍ മൂന്നിലേക്ക് പിന്മാറി. ഇത് എന്തിനു വേണ്ടിയാണെന്ന് പ്രതിരോധമന്ത്രി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭൂപ്രദേശം പ്രധാനമന്ത്രി എന്തിന് ചൈനയ്ക്ക് വിട്ടുനല്‍കിയെന്ന് ചോദിച്ച രാഹുല്‍ ഇത് നൂറു ശതമാനവും ഭീരുത്വമാണെന്നും പറഞ്ഞു.
'നമ്മുടെ സൈന്യത്തിന്റെ ത്യാഗത്തെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ഇന്ത്യന്‍ സൈന്യം ചൈനയ്‌ക്കെതിരേ നിലകൊളളാന്‍ തയ്യാറാണ്. വ്യോമസേന തയ്യാറാണ്, നാവികസേന തയ്യാറാണ്. പക്ഷേ നമ്മുടെ പ്രധാനമന്ത്രി തയ്യാറല്ല.' -രാഹുല്‍ പറഞ്ഞു.
ചൈനയുടെ മുന്നില്‍ നരേന്ദ്രമോദി തന്റെ ശിരസ്സ് കുനിച്ചു. നമ്മുടെ ഭൂമി ഫിംഗര്‍ 4 വരെയാണ്. ഫിംഗര്‍ 3 മുതല്‍ ഫിംഗര്‍ 4 വരെയുളള ഇന്ത്യന്‍ ഭൂമിയാണ് പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനല്‍കിയത്. മറ്റൊന്ന്, തന്ത്രപരമായ ഡെപ്സാങ് മേഖലയില്‍ ചൈന അകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതേ കുറിച്ച് പ്രതിരോധ മന്ത്രി ഒരുവാക്കുപോലും പറഞ്ഞിട്ടില്ല.
ഏപ്രില്‍ 22 വരെ തത്സഥിതി നിലനിര്‍ത്താനാണ് ചര്‍ച്ച നടത്തിയത്. അതില്‍ നിന്ന് ഇന്ത്യ പിന്മാറി. ചൈനാ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ എന്തുകൊണ്ട് മോഡി തയ്യാറാകുന്നില്ല. ഈ വിഷയത്തില്‍ മാധ്യമങ്ങളും സത്യം പുറത്തുകൊണ്ടുവരാന്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഘട്ടംഘട്ടമായുള്ള സൈനിക പിന്മാറ്റത്തിനാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതെന്നും പ്രതിരോധമന്ത്രി പാര്‍ലമെന്റിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ ഉപാധികള്‍ക്കൊന്നിനും വഴങ്ങിയിട്ടില്ല. രാജ്യത്തിന്റെ ഒരിഞ്ചു ഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പാംഗോങ് തടാകത്തീരങ്ങളില്‍നിന്ന് സൈനികര്‍ സംഘടിതമായ പിന്മാറ്റം തുടങ്ങിയതായി ചൈനീസ് പ്രതിരോധമന്ത്രാലയ വക്താവ് കേണല്‍ വുഖിയാന്‍ ബുധനാഴ്ച പറഞ്ഞിരുന്നു. ഇതിനുശേഷമാണ് ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ത്തന്നെ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനം. ഒമ്പതുമാസമായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിനാണ് ഇതോടെ അയവുവന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.