ആര് വരും അമരത്തേക്ക്?.. പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കാന്‍ സിപിഎം പി.ബി യോഗം ഇന്ന്

ആര് വരും അമരത്തേക്ക്?.. പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കാന്‍ സിപിഎം പി.ബി യോഗം ഇന്ന്

തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്ക് നല്‍കണം എന്നതില്‍ ഇന്ന് ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ പ്രാഥമിക ധാരണയില്‍ എത്തിയേക്കും.

സീതാറാം യെച്ചൂരിയുടെ ഇന്ന്തതെ പൊതുദര്‍ശനവും പിന്നീട് ഭൗതിക ദേഹം എയിംസിന് പഠനത്തിനായി കൈമാറിയതിന് ശേഷം ഇന്ന് പാര്‍ട്ടി പി.ബി ചേരുന്നുണ്ട്. പി.ബിയുടെ ശുപാര്‍ശ കൂടി പരിഗണിച്ച് 27 ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

അടുത്ത ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചേരാനിരിക്കെ ജനറല്‍ സെക്രട്ടറിയായി ഏതെങ്കിലും മുതിര്‍ന്ന നേതാവിനു ചുമതല നല്‍കാനാണ് സാധ്യത. പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം മുന്നില്‍ നില്‍ക്കുന്നതിനാല്‍ മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് കാരാട്ടിനെ താല്‍കാലിക ചുമതല ഏല്‍പ്പിക്കുന്നത് പരിഗണനയിലുണ്ടന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ വനിതാ നേതാവ് എന്നത് പരിഗണിച്ച് ബൃന്ദ കാരാട്ടിന് ചുമതല നല്‍കണമെന്ന വാദവും പ്രബലമാണ്. അതല്ല, മുഴുവന്‍ സമയ ജനറല്‍ സെക്രട്ടറിയെ നിയോഗിക്കാനാണ് പാര്‍ട്ടി തീരുമാനിക്കുന്നതെങ്കില്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം.എ ബേബിക്കും ആന്ധ്രയില്‍ നിന്നുള്ള ബി.വി രാഘവലുവിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എഴുപത്തിയഞ്ച് വയസിനു മുകളിലുള്ളവര്‍ പി.ബിയില്‍ വേണ്ടെന്നാണ് നിലവില്‍ പാര്‍ട്ടി പിന്തുടരുന്ന മാനദണ്ഡം. അതുകൊണ്ട് മുഴുവന്‍ സമയ ജനറല്‍ സെക്രട്ടറിയെ നിയോഗിക്കുകയാണെങ്കില്‍ ബൃന്ദ പരിഗണിക്കപ്പെട്ടേക്കില്ല.

മാനദണ്ഡം കര്‍ശനമായി പാലിച്ചാല്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, സൂര്യകാന്ത മിശ്ര, സുഭാഷിണി അലി എന്നിവര്‍ പി.ബിയില്‍ നിന്നു പുറത്താവും. അതേസമയം ഏതെങ്കിലും നേതാവിന് ഇളവ് നല്‍കണമോയെന്നും പാര്‍ട്ടി കോണ്‍ഗ്രസിന് തീരുമാനിക്കാം.

രാഘവുലുവിനും ബേബിക്കുമൊപ്പം ബംഗാളില്‍ നിന്നുള്ള നീലോത്പല്‍ ബസുവും ജനറല്‍ സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കപ്പെട്ടേക്കാം. സഖ്യകക്ഷി രാഷ്ട്രീയത്തിന് ദേശീയ തലത്തില്‍ പ്രധാന്യമേറുന്നത് കണക്കിലെടുത്ത്, ബിജെപി ഇതര കക്ഷികളിലെ നേതാക്കളുമായുള്ള ബന്ധം പുതിയ ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണായ ഘടകമാണെന്നാണ് പാര്‍ട്ടി കരുതുന്നത്. ഇത് രാഘവുലുവിന് സാധ്യത കൂട്ടുന്നുണ്ട്.

എന്നാല്‍ പാര്‍ട്ടി ഭരണത്തിലുള്ള ഏക സംസ്ഥാനം എന്ന നിലയില്‍ കേരള ഘടകത്തിന്റെ നിലപാട് ഇക്കാര്യത്തില്‍ പ്രധാനമാണ്. കേരളത്തില്‍ നിന്നുള്ള പി.ബി അംഗങ്ങള്‍ പിന്തണയ്ക്കുന്ന പക്ഷം ബേബി ജനറല്‍ സെക്രട്ടറിയാവാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ബേബിയെ തഴഞ്ഞ് ജൂനിയറായ എ. വിജയരാഘവന് പിന്നില്‍ കേരള ഘടകം അണി നിരക്കാനുള്ള സാധ്യതയും തള്ളാനാവില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.