കൊച്ചി: ഐഎസ്എല്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പഞ്ചാബ് എഫ്സിയാണ് എതിരാളികള്‍. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് മത്സരം ആരംഭിക്കും.
പുതിയ പരിശീലകന്‍ മൈക്കിള്‍ സ്റ്റാറെയുടെ നേതൃത്വത്തിലുള്ള ആദ്യ ഐഎസ്എല്‍ പോരാട്ടത്തിനാണ് ടീം ഇന്ന് കളത്തിലിറങ്ങുന്നത്. മൈക്കിള്‍ സ്റ്റാറെ മഞ്ഞപ്പടയ്ക്കായി എങ്ങനെ കളി മെനയുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു തരത്തിലുമുള്ള വിട്ടു വീഴ്ചയ്ക്കും തയാറാകാത്ത പരിശീലകനാണ് സ്റ്റാറെ. അത് ഡ്യൂറന്‍ഡ് കപ്പില്‍ തെളിഞ്ഞതുമാണ്. കേവലം മൂന്ന് മത്സരങ്ങളില്‍ 16 ഗോളുകളായിരുന്നു മഞ്ഞപ്പട അടിച്ചു കൂട്ടിയത്. വഴങ്ങിയതാകട്ടെ ഒന്ന് മാത്രം. ടീമിലെ മികച്ച താരങ്ങളെ അണി നിരത്തിയിട്ടും സെമി ഫൈനലില്‍ എത്താനായില്ല എന്നത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായിരുന്നു.
പുതിയ പരിശീലകന് കീഴില്‍ ബ്ലാസ്റ്റേഴ്സ് ടീമിനെ അടിമുടി ഉടച്ചു വാര്‍ത്താണ് ഈ സീസണില്‍ എത്തുന്നത്. നോഹ സദൗയിയേയും ജീസസ് ജിമെനസിനേയും കൂടാരത്തിലെത്തിച്ചു, ഒപ്പം ക്വാമെ പെപ്രയും അഡ്രിയാന്‍ ലൂണയും ചേരുമ്പോള്‍ ഗോളുകള്‍ നിറയുമെന്ന് ഉറപ്പിക്കാം.
പ്രതിരോധനിരയും കൂടുതല്‍ ശക്തിപ്പെടുത്തിയാണ് സ്റ്റാറെ ടീമൊരുക്കിയിരിക്കുന്നത്. ഫ്രഞ്ച് പ്രതിരോധ താരം അലക്‌സാന്‍ഡ്രെ കോഫ് ടീമിലേക്ക് എത്തി. മിലോസ് ഡ്രിന്‍സിച്ച് കരാര്‍ നീട്ടുകയും ചെയ്തു. നിരവധി പുതിയ താരങ്ങള്‍ എത്തിയങ്കിലും പടിയിറങ്ങിയവരുടെ വിടവ് നികത്തുക അത്ര എളുപ്പമായിരിക്കില്ല. പ്രത്യേകിച്ചും ദിമിത്രിയോസ് ഡയമന്റക്കോസ് പോലുള്ള താരങ്ങളുടെ അഭാവം.
പുതിയ പരിശീലകന്റെ കീഴില്‍ തന്നെയാണ് പഞ്ചാബ് എഫ്സിയും ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ 3-1 എന്ന സ്‌കോറിന് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസം പഞ്ചാബിനുണ്ടാകും.
നിരവധി വിദേശതാരങ്ങളെ എത്തിച്ചാണ് പഞ്ചാബ് ടീം ശക്തിപ്പെടുത്തിയിരിക്കുന്നത്. ഇവാന്‍ നൊവൊസെലെച്ച്, മുഷാഗ ബകേങ്ക, എസക്വല്‍ വിദാല്‍, അസ്മിര്‍ സുല്‍ജിക്, ഫിലിപ് മിഴ്സ്ലാക്ക് എന്നിവരാണ് ടീമിലെ പുതിയ വിദേശമുഖങ്ങള്‍. ഇന്ത്യന്‍ താരം വിനീത് റായ്യുടെ വരവും പഞ്ചാബ് ടീമിന് കൂടുതല്‍ കരുത്തേകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.