വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും വധിക്കാന്‍ ശ്രമം. ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിലാണ് വെടിവയ്പ്പുണ്ടായത്. ഈ സമയത്ത് ട്രംപ് ക്ലബ്ബിലുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ റയാന്‍ വെസ്ലി റൗത്ത് എന്ന 58കാരനെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവയ്പ്പ് ട്രംപിനു നേരെയുണ്ടായ വധശ്രമമെന്നാണ് എഫ്ബിഐയുടെ കണ്ടെത്തല്‍.
ഗോള്‍ഫ് ക്ലബ്ബില്‍ വെടിവയ്പ്പുണ്ടായതായി ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എക്‌സില്‍ സ്ഥിരീകരിച്ചു. 'ട്രംപിന് സമീപമുണ്ടായ വെടിവയ്പ്പില്‍ അദ്ദേഹം സുരക്ഷിതനാണ്' - ട്രംപിന്റെ പ്രചാരണ വിഭാഗത്തിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് അറിയിച്ചു.
കഴിഞ്ഞ ദിവസം അമേരിക്കന്‍ സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു. വെടിവയ്പ്പ് നടക്കുന്ന സമയത്ത് ട്രംപ് ക്ലബില്‍ ഗോള്‍ഫ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസിന്റെ വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നു.
നോര്‍ത്ത് കരോലിന സ്വദേശിയായ റയാന്‍ കടുത്ത ഉക്രെയ്ന്‍ അനുകൂലിയാണെന്നാണ് യുഎസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉക്രെയ്‌നിലേക്ക് പോകുന്നതിനും രാജ്യത്തിനായി സന്നദ്ധ സേവനം നടത്തി മരണമടയാനും തയ്യാറാണെന്ന് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. നോര്‍ത്ത് കരോലിന അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ടെക്‌നിക്കല്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രതി ബിരുദം സ്വന്തമാക്കിയിട്ടുണ്ട്.
സ്വന്തമായി കരാറുകള്‍ ഏറ്റെടുത്ത് ജോലി ചെയ്യുന്ന ബില്‍ഡറാണ് റയാന്‍. ഇയാള്‍ പലതവണകളായി സോഷ്യല്‍മീഡിയയിലൂടെ ട്രംപിനെ വിമര്‍ശിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സമകാലിക വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന റയാന്‍ ജൂലൈയില്‍ ട്രംപിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ചും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. പൊലീസിനെ ആക്രമിച്ച സംഭവത്തിലടക്കം നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്.
ലക്ഷ്യസ്ഥാനം ഉറപ്പിക്കാന്‍ സഹായിക്കുന്ന സ്‌കോപ്പും ഗോപ്രോ ക്യാമറയും ബാക്പാക്കും ആക്രമണത്തിനുപയോഗിച്ച ഒരു എകെ-47 തോക്കും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ തിരികെ വെടിയുതിര്‍ത്തപ്പോള്‍ ഒളിച്ചിരുന്നയിടത്ത് നിന്നും പുറത്തുകടന്ന പ്രതി ഒരു കറുത്ത കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.
ജൂലായ് 13ന് പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ പ്രചാരണറാലിയില്‍ നേരത്തെ ട്രംപിന് നേരെ വധശ്രമമുണ്ടായിരുന്നു. സംഭവം നടന്ന് രണ്ടുമാസം തികയുമ്പോഴാണ് വീണ്ടും വെടിവെപ്പ് ഉണ്ടാവുന്നത്. പ്രചാരണത്തില്‍ പ്രസംഗിക്കുമ്പോള്‍ വലതുചെവിക്ക് വെടിയേല്‍ക്കുകയായിരുന്നു. അക്രമി തോമസ് മാത്യു ക്രൂക്‌സിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.