പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-13)

പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-13)

ഉടയാടകളിൽ പുതുമോടികളുടെ,
രൂപകല്പനക്കാരനായിരുന്നു ശിവശങ്കരൻ.!
അയാളുടെ വികടരൂപകൽപ്പനകളിൽ
നാട്ടുകാർ നേരായും പുതുമോടികൾ കണ്ടറിഞ്ഞു..!
കൺമണിയും.., മുത്തുമണിയും...,
ഇപ്പോൾ അനാഥത്ത്വത്തിന്റെ വക്കോളമെത്തി..!
മാതാപിതാക്കളുടെ അകാലമൃത്യു
വരുത്തിയ ഉന്മേഷരാഹിത്യത്തിൽനിന്നും,
കുട്ടികൾ വിടുതൽ പ്രാപിച്ചു തുടങ്ങി..!
കുശിനിപ്പുരയിലവർ നിറസാന്നിദ്ധ്യമായി.!
മറാഠയുടെ മണ്ണിൻ്റെ തനതായ അല്ലറ-
ചില്ലറ കറിക്കൂട്ടുകൾ തയ്യാറാക്കി.!
മറാഠിയുടേം, ഹിന്ദിയുടേം
കലവറ പൊട്ടിച്ച്.., ചാക്കോച്ചനേം,
സോമശേഖരനേയും...,
'വാടാരാമാ-പോടാരാമാ' കളിപ്പിച്ചു..!!
'പിള്ളാരേ.., ഞങ്ങൾക്കുംകൂടെ 'മറുഭാഷ'
പറഞ്ഞു തരാമോ...?' കൺമണി,
മറാഠിയുടെ മാറാപ്പീന്ന്, പൂത്തിരിയും,
മാലപ്പടക്കോം കത്തിച്ചെറിഞ്ഞു.!
ഹിന്ദിയുടെആരാമത്തിലേ അണക്കെ-
ട്ടിന്റെ വരമ്പൊന്ന്, ചെറുതായിട്ടാണേലും
മുത്തുമണി കോറിവിട്ടു..!
ഏട്ടൻമാരുടെ ഭാഷാപരിഞ്ജാനമുറിവിൽ,
കുട്ടികൾ ഇങ്ക്ളീഷിൽ ഉപ്പിട്ടു തേച്ചു.!
'വാട് ഹാവ് യൂ ബോയിസ് ലേൺഡ്..?'
'ചേട്ടായിമാര് പത്തെങ്ങനെ ജയിച്ചു..?
ഭാഷയുടെ മഹത്വം കുഞ്ഞുചെറുക്കനു
ആദ്യമായി ബോദ്ധ്യമായി..!
കുഞ്ഞേലിയുടേം വൈദ്യരുടേം, രഹസ്യാ-
റിവോടെ, ഭാഷാപഠനം,
അവിടെ ഏവരും ആരംഭിച്ചു.!
കുട്ടികൾ സഹകരിച്ചു..!
കുഞ്ഞുചെറുക്കനും, വൈദ്യരും.,
ഒരുദിവസം കെട്ടുവള്ളത്തിൽ...
ആറന്മുളവരെ പോയി..!
മദ്യപിച്ചു മദോന്മത്തരായി,
ആടിപ്പാടി, നൃത്തമാടി അങ്ങാടിമുറ്റത്തെത്തി!
അങ്ങാടി മുറ്റത്തെ കഥാപ്രസംഗം കേട്ട്.,
കുഞ്ഞേലിയാമ്മ
'ഉച്ചയുറക്കത്തി'ൽ നിന്നും ഉണർന്നു.!
"എന്നതാ പെമ്പിള്ളാരേ അപ്പുറത്തൊരു
പതിവില്ലാത്ത ബ-ള-ഹം.?'
കൺമണിയും മുത്തുമണിയും
നൂറേൽ പാഞ്ഞെത്തി.! സരോജനിയമ്മ,
ശങ്കിച്ച് ഉമ്മറത്തുമെത്തി.!
നീർച്ചാലു തേടിപ്പോയ കാട്ടുപോത്തിൻ്റെ
കൊമ്പുകൾക്കിടയിൽ അകപ്പെട്ട
പേടമാനുകളേപ്പോലെ' വിറങ്ങലിച്ച്..,
കുഞ്ഞേലിയും, ത്രേസ്സ്യാകൊച്ചും...!
ചവിട്ടുതാളം നിർത്തുവാൻ വൈദ്യരച്ചൻ
കുഞ്ഞുചെറുക്കനോട് ആവശ്യപ്പെട്ടു.!
'ചെറുക്കാ..നീ പറഞ്ഞോടാ..'
'അതുവേണ്ടാ..ഈശ്വരപിള്ളേച്ചൻ പറഞ്ഞാമതി..'
'എന്നാപ്പിന്നെ വൈദ്യരു പറഞ്ഞപോലെ.'
'കൊച്ചൗസ്സേപ്പേ..., ത്രേസ്സ്യാകൊച്ചേ...,
ഇന്നുമുതൽ, നിങ്ങളിരുവരും ഞങ്ങളുടെ
കുടികിടപ്പു 'കു-ടി-യാ-ന്മാ-രേ-യ-ല്ല.!'
കേട്ടവർക്കെല്ലാം ഇടിമിന്നലേറ്റ പ്രതീതി..!
'മടിക്കുത്തിൽ' ഒളിപ്പിച്ചുവെച്ചിരുന്നതായ
ഒരേക്കർവരുന്ന ഭുമിയുടെ തീറാധാരം..,
ഔസപ്പിന്റേം, ത്രേസ്സ്യാകൊച്ചിന്റേം
വിറയാർന്ന ഉള്ളങ്കൈകളിലേക്ക്...,
അവർ സമ്മാനിച്ചു.!
'നാളെതന്നേ.., തറകെട്ടി തുടങ്ങണം..!'
'രണ്ടിടത്തുനിന്നും, അരയേക്കർവീതം..,
സംഗമിപ്പിച്ച് ഒരേക്കർ വേർതിരിച്ച്., കല്ലിടണം.!'
വീടിന് 'മുത്തുമണിമുറ്റം'...പേരായി..!
അങ്ങാടിമുറ്റം ആഹ്ളാദത്തിൽ ആറാടി!

…………………………( തു ട രും )...............................

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.