അജ്മലിന് പരമാവധി ശിക്ഷ ലഭ്യമാക്കന്‍ പൊലീസ് നീക്കം; ശ്രീക്കുട്ടിയുടെ രക്തസാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും

അജ്മലിന് പരമാവധി ശിക്ഷ ലഭ്യമാക്കന്‍ പൊലീസ് നീക്കം; ശ്രീക്കുട്ടിയുടെ രക്തസാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയായ കുഞ്ഞുമോളെ കാര്‍കയറ്റിക്കൊന്ന കേസിലെ പ്രതി കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മലി(29)നെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ്. നീചമായ കുറ്റകൃത്യമായി കണക്കാക്കി പരമാവധി ശിക്ഷ ലഭ്യമാക്കനാണ് ശാസ്താംകോട്ട പൊലീസ് നീക്കം.

അജ്മല്‍ മദ്യപിച്ചിട്ടുണ്ടെന്ന് അറസ്റ്റ് ചെയ്തപ്പോള്‍ വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. അയാളുടെമേല്‍ ബോധപൂര്‍വമായ നരഹത്യക്കുറ്റവും ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. കടയില്‍ നിന്ന് സാധനം വാങ്ങി സ്‌കൂട്ടറില്‍ മറുഭാഗത്തേക്ക് കടക്കുന്നതിനിടെ ദിശ തെറ്റി അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് കുഞ്ഞുമോള്‍ മരിച്ചത്. താഴെ വീണ കുഞ്ഞുമോളുടെ നെഞ്ചിലൂടെ കാര്‍ രണ്ടുതവണ കയറ്റിയിറക്കിയതാണ് മരണകാരണം.

അജ്മലിനും ഡോ. ശ്രീക്കുട്ടിക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടാകണമെന്ന് കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദ്, മക്കളായ സോഫിയ, അല്‍ഫിയ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ കുഞ്ഞുമോളുടെ വീട്ടിലെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. റൂറല്‍ എസ്.പി നേരിട്ടാണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. ഇടിച്ച കാര്‍ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച ഫൊറന്‍സിക് സംഘമെത്തി കാര്‍ പരിശോധിച്ചു. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കാര്‍ കോടതിക്ക് കൈമാറും.

അജ്മല്‍ വിവിധ കേസുകളില്‍ പ്രതിയായതിനാല്‍ കാറിന്റെ ഉടമയെ സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. അജ്മലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് കുന്നത്തൂര്‍ ആര്‍.ടി.ഓഫീസും നടപടി തുടങ്ങി. വനിതാ ഡോക്ടറുടെ രക്തസാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. ഫലം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.