രാജ്യസഭയിലെ മോഡിയുടെ വിതുമ്പല്‍: കലാപരമായി തയ്യാറാക്കിയ അവതരണമെന്ന് തരൂരിന്റെ പരിഹാസം

 രാജ്യസഭയിലെ മോഡിയുടെ വിതുമ്പല്‍: കലാപരമായി  തയ്യാറാക്കിയ അവതരണമെന്ന് തരൂരിന്റെ പരിഹാസം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനുള്ള യാത്രയയപ്പിനിടെ രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതുമ്പിയതിനെ പരിഹസിച്ച് ശശി തരൂര്‍ എം.പി.     കലാപരമായി തയ്യാറാക്കിയ അവതരണമായിരുന്നു പ്രധാനമന്ത്രി നടത്തിയതെന്ന് തരൂര്‍ പറഞ്ഞു.

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി രചിച്ച ബൈ മെനി എ ഹാപ്പി ആക്സിഡന്റ്: റീകളക്ഷന്‍സ് ഓഫ് എ ലൈഫ് എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ആയിരുന്നു തരൂരിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ ഗുലാം നബി ആസാദുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പറയുന്നതിനിടെ പലതവണ മോദി വിതുമ്പിയിരുന്നു.

'ടികായത്തിന്റെ കണ്ണീരിനോടുള്ള ഭാഗിക പ്രതികരണമായി തനിക്കും കണ്ണീരുണ്ടെന്ന് തീരുമാനിക്കുകയായിരുന്നു പ്രധാനമന്ത്രി'. ഗാസിപ്പുറിലെ കര്‍ഷക സമരവേദിയില്‍ രാകേഷ് ടികായത്ത് കരഞ്ഞതിനെ പരാമര്‍ശിച്ച് തരൂര്‍ കൂട്ടിച്ചേര്‍ത്തു. മോദി ഗുജറാത്തിലെയും ആസാദ് ജമ്മു കശ്മീരിലെയും മുഖ്യമന്ത്രിമാരായിരുന്ന സമയത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്താണ് പ്രധാനമന്ത്രി വികാരാധീനനായത്. ഗുജറാത്തില്‍നിന്നുള്ള ചില തീര്‍ഥാടകര്‍ക്കു നേരെ ജമ്മു കശ്മീരില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ തന്നെ ആദ്യം വിളിച്ചത് ആസാദ് ആയിരുന്നുവെന്നും മോദി പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.