അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജന് തിരിച്ചടി; വിടുതൽ ഹർജി തള്ളി സിബിഐ കോടതി

അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജന് തിരിച്ചടി; വിടുതൽ ഹർജി തള്ളി സിബിഐ കോടതി

കൊച്ചി : അരിയിൽ ഷൂക്കൂർ വധക്കേസിൽ പി ജയരാജനും ടി. വി രാജേഷും നൽകിയ വിടുതൽ ഹർജി സിബിഐ കോടതി തള്ളി. ഗൂഡാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സി ബി ഐ ചുമത്തിയിട്ടുള്ളത്. വിചാരണ കൂടാതെ കേസിൽ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കളായ ജയരാജനും രാജേഷും എറണാകുളം സിബിഐ കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് ഈ കേസിൽ പ്രതികളായ പി. ജയരാജനെയും ടി.വി രാജേഷിനെയും കുറ്റവിമുക്തരാക്കരുതെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും കോടതിയിൽ ഹർജി നൽകിയിരുന്നു.

സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഷുക്കൂറിന്റെ കൊലപാതകത്തിൽ ജയരാജന്റെയും രാജേഷിന്റെയും പങ്ക് തെളിയിക്കുന്നതിനാവശ്യമായ സാക്ഷിമൊഴികളും രേഖകളുമുണ്ടെന്നു ആത്തിക്ക ഹർജിയിൽ ചൂണ്ടിക്കാട്ടി. ആകെ 33 പ്രതികളുള്ള കേസിൽ ജയരാജൻ 32-ാം പ്രതിയും രാജേഷ് 33-ാം പ്രതിയുമാണ്.

പി ജയരാജനും രാജേഷും സഞ്ചരിച്ച കാറിന് കല്ലെറിഞ്ഞു എന്ന ആരോപണത്തെത്തുടർന്ന് ഇവർക്ക് ഷുക്കൂറിനെ വധിക്കാനുള്ള പ്രേരണയുണ്ടായി എന്നും അതിനായി പ്രാദേശികനേതാക്കളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നുമാണ് ആത്തിക്ക ഹർജിയിൽ പറഞ്ഞത്.

2012 ഫെബ്രുവരി 20-നാണ് എം എസ് എഫ് പ്രവർത്തകൻ ഷുക്കൂറിനെ സി പി എമ്മുകാർ കൊലപ്പെടുത്തിയത്. പട്ടുവം അരിയിൽ പ്രദേശത്ത് മുസ്ലിം ലീഗ് സിപിഐഎം സംഘർഷത്തോടനുബന്ധിച്ച് പട്ടുവത്ത് എത്തിയ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്ല്യാശേരി എംഎൽഎ ടി.വി രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിന് പ്രതികാരമായിട്ടാണ് ഷുക്കൂർ വധിക്കപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.