ഡൽഹിയിൽ അതിഷി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച; നാല് മുൻ മന്ത്രിമാര്‍ തുടരും; മുകേഷ് അഹ്‍ലാവത് പുതുമുഖം

ഡൽഹിയിൽ അതിഷി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച; നാല് മുൻ മന്ത്രിമാര്‍ തുടരും; മുകേഷ് അഹ്‍ലാവത് പുതുമുഖം

ന്യൂഡൽഹി: ഡൽഹിയിൽ പുതിയ മന്ത്രിസഭ ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. അതിഷി മന്ത്രിസഭയില്‍ നാല് മുൻ മന്ത്രിമാര്‍ തുടരും. സുൽത്താൻപൂർ മജ്‌റ നിയമസഭാം​ഗമായ മുകേഷ് അഹ്‍ലാവത് ആണ് മന്ത്രിസഭയിലെ പുതുമുഖം. കെജരിവാള്‍ മന്ത്രിസഭയിലെ ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരാണ് തുടരുക.

മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം ഏഴ് പേർ ആകാമെങ്കിലും നിലവിൽ ആറ് പേരാണുള്ളത്. ഒരു മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തെ കെജരിവാള്‍ മന്ത്രിസഭയിലെ രാജ്കുമാർ ആനന്ദ് രാജിവച്ചിരുന്നു. ഈ ഒഴിവാണ് ഇപ്പോഴും തുടരുന്നത്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അതിഷിക്ക് ധനകാര്യം, വിദ്യാഭ്യാസം ഉൾപ്പെടെ 14 വകുപ്പുകളുടെ ചുമതല നിലനിർത്തും. കഴിഞ്ഞ സർക്കാരിൽ മന്ത്രിമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ വലിയ മാറ്റങ്ങൾക്കും സാധ്യതയില്ല.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ സുപ്രിം കോടതി ജാമ്യം നൽകിയതിനു പിന്നാലെ അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച കെജരിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് അതിഷിയെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് സർക്കാരിന്റെ പ്രതിഛായ വീണ്ടെടുക്കുക എന്നതാണ് അതിഷിയുടെ മന്ത്രിസഭയുടെ ഉത്തരവാദിത്വം. ഈ സാഹചര്യത്തിൽ അധികാരം ഏറ്റെടുത്ത ശേഷമുള്ള ചില ജനകീയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്.

ഷീലാ ദീക്ഷിത്തിനും സുഷമാ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതാ നേതാവാണ് അതിഷി. ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ മദ്യനയ അഴിമതിക്കേസിൽ ജയിലിലായതോടെ മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു അതിഷി. വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം തുടങ്ങിയ പ്രധാന വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തുവന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.