'കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മഹനീയം': ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍

'കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മഹനീയം': ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍

കല്‍പ്പറ്റ: ചൂരല്‍മല മുണ്ടകൈ ദുരിത ബാധിതര്‍ക്ക് കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മഹനീയമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജെയിംസ് ഗോഡ്‌ബെര്‍. ദുരിത ബാധിതര്‍ക്ക് മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴി നല്‍കി വരുന്ന ബാക്ക് റ്റു ഹോം കിറ്റുകളുടെ വിതരണ ഉത്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദേഹം.

മഹാ ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമാകുവാന്‍ എല്ലാവരും ഒന്നായി നില്‍ക്കണമെന്നും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അതിജീവനം സാധിതമാക്കണമെന്നും ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ഓര്‍മ്മിപ്പിച്ചു. ദൂരന്തം നടന്ന ദിനം മുതല്‍ ഇന്നുവരെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട് രൂപതകള്‍ അവരുടെ സാമൂഹ്യ സേവന വിഭാഗങ്ങള്‍ വഴി മാതൃകാപരമായ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആണ് നടപ്പിലാക്കിവരുന്നത്. കത്തോലിക്ക സഭയ്ക്കുവേണ്ടി കേരള സോഷ്യല്‍ സര്‍വീസ് ഫോറം കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സര്‍വീസസ് തുടങ്ങിയവ കാര്യക്ഷമമായ നേതൃത്തവും പിന്തുണയുമാണ് നല്‍കി വരുന്നതെന്നും ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ അഭിപ്രായപ്പെട്ടു.

ചൂരല്‍മല സെന്റ് സെബാസ്‌ററ്യന്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ. ജേക്കബ് മാവുങ്കല്‍ അധ്യക്ഷത വഹിച്ചു . കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സര്‍വീസസ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ശ്രേയസ് സുല്‍ത്താന്‍ ബത്തേരി, ജീവന കോഴിക്കോട് എന്നിവയുടെ നേതൃത്വത്തില്‍ ആണ് ജില്ലയില്‍ കത്തോലിക്ക സഭ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നത്.

കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 175 കുടുബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. 10000 രൂപയോളം വിലവരുന്ന കിറ്റില്‍ കിടക്ക, ബെഡ് ഷീറ്റ്, തലയിണ, പാത്രങ്ങള്‍, ബക്കറ്റുകള്‍, കുക്കര്‍, ഗ്ലാസ്, പ്ലേറ്റ്, കൊതുക് വല, സോളാര്‍ ടോര്‍ച്, ടൂത്ത് ബ്രഷ്, ബാത്ത് സോപ്പ്, വാഷിങ് പൗഡര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കിറ്റ് വിതരണത്തിന് തിരഞ്ഞെടുക്കപെട്ട കുടുബങ്ങള്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് 9500 രൂപ വീതം നല്‍കി വരുന്നു.

കാരിത്താസ് ഇന്ത്യ ടീം ലീഡര്‍ ഡോക്ടര്‍ വി.ആര്‍.ഹരിദാസ് മുഖ്യ പ്രഭാക്ഷണം നടത്തി. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ. ജിനോജ് പാലത്തടത്തില്‍, ശ്രേയസ് ബത്തേരി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലുങ്കല്‍, ജീവന എക്‌സിക്യൂട്ടിവ് ഡയറക്ര്‍ റവ. ഫാ. ആല്‍ബര്‍ട്ട് വി.സി, ചൂരല്‍മല പള്ളി വികാരി റവ.ഫാ. ജിബിന്‍ വട്ടുകുളത്തില്‍, കാരിത്താസ് സ്റ്റേറ്റ് ഓഫീസര്‍ അഭീഷ് ആന്റണി, ഫിനാന്‍സ് ഓഫീസര്‍ നിക്‌സണ്‍ മാത്യു, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ ജോസ് പി.എ എന്നിവര്‍ സംസാരിച്ചു.

വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ടീം അംഗങ്ങളായ റോബിന്‍ ജോസഫ്, ദീപു ജോസഫ്, ചിഞ്ചു മരിയ, ആലിസ് സിസില്‍, ഷീന ആന്റണി, ബിന്‍സി വര്‍ഗീസ്, ജിനി ഷിനു എന്നിവര്‍ നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.