ന്യൂഡല്‍ഹി: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ.
ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡാണ് ഹിസ്ബുള്ളയ്ക്ക് പേജറുകള്‍ കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇതേ തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണം ആരംഭിച്ചത്. വയനാട് മാനന്തവാടി സ്വദേശിയും നോര്‍വീജിയന്‍ പൗരത്വവുമുള്ള റിന്‍സണ്‍ ജോസി(39)ന്റെ കമ്പനിയാണിതെന്നാണ് റിപ്പോര്‍ട്ട്.
ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് റിന്‍സണ്‍ എന്നാണ് ലിങ്ക്ഡിന്‍ അക്കൗണ്ടില്‍ നിന്ന് വ്യക്തമാകുന്നത്. ഓട്ടോമേഷന്‍, മാര്‍ക്കറ്റിങ്, എ.ഐ തുടങ്ങിയവയിലും താല്‍പര്യമുണ്ടെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. 2022 ഏപ്രിലിലാണ് നോര്‍ട്ട ഗ്ലോബല്‍ സ്ഥാപിതമായത്.
സ്ഫോടന പരമ്പരകളില്‍ ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ പങ്ക് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബള്‍ഗേറിയന്‍ സ്‌റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. അതേസമയം ബള്‍ഗേറിയയില്‍ നിന്ന് പേജറുകള്‍ കയറ്റുമതി ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഏജന്‍സി അറിയിച്ചു.
ഹംഗറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെല്‍ കമ്പനിയായ ബിഎസി കണ്‍സള്‍ട്ടിങ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചാണ് പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. ഈ കമ്പനി ഇസ്രയേല്‍ ചാര സംഘനടനായ മൊസാദിന്റെ സൃഷ്ടിയാണെന്നാണ് കരുതുന്നത്.
ഓഫീസോ ഫാക്ടറിയോ ഇല്ലാത്ത ഈ സ്ഥാപനത്തെക്കുറിച്ച് ഹംഗേറിയന്‍ അധികൃതര്‍ക്ക് നേരത്തേ തന്നെ സംശയമുണ്ടായിരുന്നു. മൊസാദ് ആണ് പേജറുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചതെന്നാണ് സംശയിക്കുന്നത്.
തായ്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയ്ക്ക് വേണ്ടി ആയിരക്കണക്കിന് പേജറുകള്‍ നിര്‍മിക്കാന്‍ ബിഎസി കണ്‍സള്‍ട്ടിങ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്. പേജറുകള്‍ നിര്‍മിച്ച ആളുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവയ്ക്കാനാണ് ഷെല്‍ കമ്പനികളെ സൃഷ്ടിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ മൊസാദിന്റെ പങ്ക് വ്യക്തമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇസ്രയേല്‍ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. വേറിട്ട വഴികളിലൂടെ ഹിസ്ബുള്ളയുടെ ഭീഷണി ഇല്ലതാക്കാനാണ് ഇസ്രയേല്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതിനിടെ, നോര്‍വെയില്‍ താമസിക്കുന്ന റിന്‍സണ്‍ ജോസ് സ്ഫോടനങ്ങളുണ്ടായ ദിവസം തന്നെ അപ്രത്യക്ഷനായെന്ന വിവരവും പുറത്തു വരുന്നുണ്ട്. 2015 ല്‍ ലണ്ടനില്‍ നിന്നാണ് ഇയാള്‍ നോര്‍വെയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്ഫോനങ്ങളെ തുടര്‍ന്ന് റിന്‍സണ്‍ അപ്രത്യക്ഷനായതോടെ സ്ഥാപനത്തിലെ ജീവനക്കാര്‍ ഇക്കാര്യം നോര്‍വീജിയന്‍ അധികൃതരെ അറിയിക്കുകയും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.