കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്ത മകളായിരുന്നു. അന്തരിച്ച നടി കവിയൂര്‍ രേണുക ഇളയ സഹോദരിയാണ്.
ഇരുപതാം വയസില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി വേഷമിട്ട പൊന്നമ്മ, അമ്മ വേഷങ്ങള്‍ തന്മയത്തോടെ ചെയ്ത് മലയാളികളുടെ മനസില്‍ ഇടം പിടിച്ചു. ചെറു പ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ പൊന്നമ്മ പതിനാലാം വസയില്‍ നാടക രംഗത്തെത്തി. തോപ്പില്‍ ഭാസിയുടെ മൂലധനമായിരുന്നു ആദ്യ കാലങ്ങളില്‍ പൊന്നമ്മ ഭാഗമായ നാടകങ്ങളില്‍ ഒന്ന്.
നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ ഈ നടിയെ തേടിയെത്തി. 1971,1972,1973 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും പിന്നീട് 1994 ലും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടിയത് കവിയൂര്‍ പൊന്നമ്മയായിരുന്നു. നാനൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1962 ല്‍ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. രാവണനായി കൊട്ടാരക്കര ശ്രീധരന്‍ നായരെത്തിയപ്പോള്‍ മണ്ഡോദരിയായത് കവിയൂര്‍ പൊന്നമ്മയായിരുന്നു. തൊമ്മന്റെ മക്കള്‍ (1965) എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു. മലയാളത്തില്‍ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്.
തൊമ്മന്റെ മക്കള്‍, ഓടയില്‍നിന്ന്, അന്വേഷിച്ചു കണ്ടെത്തിയില്ല, അസുരവിത്ത്, വെളുത്ത കത്രീന, നദി, ഒതേനന്റെ മകന്‍, ശരശയ്യ, വിത്തുകള്‍, ആഭിജാത്യം, ശ്രീ ഗുരുവായൂരപ്പന്‍, ഏണിപ്പടികള്‍, പൊന്നാപുരം കോട്ട, നിര്‍മാല്യം, നെല്ല്, ദേവി കന്യാകുമാരി, തുലാവര്‍ഷം, സത്യവാന്‍ സാവിത്രി, കൊടിയേറ്റം, ഇതാ ഇവിടെ വരെ, ഈറ്റ, ചാമരം, സുകൃതം, കരിമ്പന, ഓപ്പോള്‍, ഇളക്കങ്ങള്‍, സുഖമോ ദേവി, നഖക്ഷതങ്ങള്‍, അച്ചുവേട്ടന്റെ വീട്, തനിയാവര്‍ത്തനം, മഴവില്‍ക്കാവടി, വന്ദനം, കിരീടം, ദശരഥം, കാട്ടുകുതിര, ഉള്ളടക്കം, സന്ദേശം, ഭരതം, കുടുംബസമേതം, ചെങ്കോല്‍, മായാമയൂരം, വാത്സല്യം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്‍മാവിന്‍ കൊമ്പത്ത്, അരയന്നങ്ങളുടെ വീട്, കാക്കക്കുയില്‍, വടക്കുന്നാഥന്‍, ബാബാ കല്യാണി, ഇവിടം സ്വര്‍ഗമാണ്, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍.
കൂടാതെ സത്യാ എന്ന തമിഴ് ചിത്രത്തിലും പ്രിയുരാലു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.
സിനിമയ്ക്കൊപ്പം ടെലിവിഷന്‍ സീരിയലുകളിലും നടി സജീവമായിരുന്നു. മാത്രമല്ല, സിനിമാ-നാടക പിന്നണി ഗാനരംഗത്തും പൊന്നമ്മ കഴിവ് തെളിയിച്ചിട്ടുണ്ട്. നിര്‍മാതാവായ മണി സ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു. മകള്‍ ബിന്ദു അമേരിക്കയിലാണ് താമസിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.