അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തിരച്ചില്‍; ട്രക്കിന്റെ ടയര്‍ ഭാഗങ്ങളും തടിക്കഷണവും കണ്ടെത്തി ഈശ്വര്‍ മാല്‍പെ

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തിരച്ചില്‍; ട്രക്കിന്റെ ടയര്‍ ഭാഗങ്ങളും തടിക്കഷണവും കണ്ടെത്തി ഈശ്വര്‍ മാല്‍പെ

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടി ഡ്രഡ്ജര്‍ എത്തിച്ച് ഗംഗാവലി നദിയില്‍ വീണ്ടും തിരച്ചില്‍.

മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പുഴയിലിറങ്ങി നടത്തിയ തിരച്ചിലില്‍ തടിക്കഷണം കണ്ടെത്തിയിട്ടുണ്ട്. അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന തടിക്കഷ്ണം തന്നെയാണ് കണ്ടെത്തിയതെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.

തിരച്ചിലില്‍ ട്രക്കിന്റെ ടയറിന്റെ ഭാഗങ്ങളും കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. നദിയില്‍ പതിനഞ്ച് അടി ആഴത്തിലാണ് ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ടയര്‍ മുകളിലായി തല കീഴായി കിടക്കുന്ന നിലയിലാണ് ട്രക്ക് ഉള്ളത്. അര്‍ജുന്റെ ട്രക്ക് ആണോ ഇത് എന്നതില്‍ സ്ഥിരീകരണം ഇല്ല. രണ്ട് ട്രക്കുകളാണ് നദിക്കടിയില്‍ ഉള്ളത്.

ഇന്നലെ 15 മിനിറ്റോളം പുഴയില്‍ നിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. ലോറിയുടെ ഒരു ലോഹ ഭാഗം തിരച്ചിലില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഐബോഡ് ഡ്രോണിന്റെ സിഗ്‌നല്‍ ലഭിച്ച ഭാഗത്താണ് തിരച്ചില്‍ നടത്തുന്നത്.

മൂന്ന് ദിവസത്തെ കരാറാണ് ഇപ്പോഴുള്ളതെന്ന് ഡ്രെഡ്ജര്‍ കമ്പനിയുടെ എം.ഡി. മഹേന്ദ്ര ഡോഗ്രെ പറഞ്ഞു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും സംഘവും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. അര്‍ജുനുള്‍പ്പെടെ ദുരന്തത്തില്‍പ്പെട്ട രണ്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 17 നാണ്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണം മുടക്കും എന്നതായിരുന്നു പ്രശ്‌നം.

പിന്നീട് കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരു കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.