ചിന്താമൃതം: സ്നേഹത്തിന്റെ തിരുശേഷിപ്പുകൾ (ജോ കാവാലം)

ചിന്താമൃതം: സ്നേഹത്തിന്റെ തിരുശേഷിപ്പുകൾ (ജോ കാവാലം)

ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടനുഭവിച്ചപ്പോൾ അവൾ അയാളെ കൈ കൊണ്ട് ആംഗ്യം കാണിച്ച് അടുത്തേക്ക് വിളിച്ചു. അയാൾ സാവധാനം നടന്ന് നടന്ന് അവൾ കിടന്നിരുന്ന സോഫയുടെ അരികിൽ നിലത്തിരുന്നു. രണ്ട് പേരുടെയും നനവാർന്ന കണ്ണുകൾ പരസ്പരം കൂട്ടിമുട്ടി.


അവൾ വിറയാർന്ന ശബ്ദത്തിൽ അയാളോട് പറഞ്ഞു, എനിക്ക് തീരെ വയ്യ, എന്നാലും നിങ്ങൾ ഡോക്ടറെ വിളിക്കണ്ട, അങ്ങ് എന്റെ അരികിൽ ഇരുന്നാൽ മതി. അയാൾ അവളുടെ കരം തന്റെ കൈക്കുള്ളിലാക്കി മറ്റേ കൈ കൊണ്ട് അവളുടെ പുറത്ത് തലോടി. 80 വർഷങ്ങൾക്ക് മുൻപ് തമ്മിൽ കണ്ട് മുട്ടിയത് മുതലുള്ള ഓരോ കാര്യങ്ങളും, ജീവിതത്തിലെ തമാശകളും, കുസൃതികളും അവൾ അയാൾക്ക് മുൻപിൽ അവതരിപ്പിച്ചു. ഓരോ വാക്കുകളും ഓർമ്മകളും ചിന്തകളും രണ്ട് പേരെയും കുടുകുടാ ചിരിപ്പിച്ചു. പ്രണയവും, വിവാഹവും, കുടുംബവും, മക്കളും കൊച്ചുമക്കളും, അല്ലലും, അലച്ചിലും, ആനന്ദവുമെല്ലാം അവർ ആ ഇരുപ്പിൽ പങ്ക് വെച്ചു.

സ്നേഹസംഭാഷണത്തിന്റെ മൂർദ്ധന്യതയിൽ അവൾ നിശബ്ദതയിലേക്ക് വഴുതുന്നത് അയാൾ ശ്രദ്ധിച്ചു, കൈ എത്തിപിടിച്ച് മേശയിൽ നിന്ന് ഒരു കപ്പ് ചെറു ചൂടുള്ള വെള്ളം അയാൾ ചെറിയ സ്പൂണിൽ അവൾക്ക് കോരി കൊടുത്തു. മൂന്ന് സ്പൂൺ വെള്ളം കുടിച്ചിട്ട് അവൾ അയാളെ സ്നേഹത്തോടെ നോക്കി. അയാൾ അവളുടെ നെറുകയിലും ചുണ്ടിലും ഓരോ സ്നേഹ ചുംബനം നൽകി. അവളെ മുറുകെപ്പിടിച്ചിരുന്ന അയാളുടെ കൈ തന്റെ മുഖത്തേക്ക് വലിച്ച് ആ കൈയിൽ അവൾ ഒരുമ്മ നൽകി. പിന്നീട് കണ്ണുകൾ അടച്ച അവൾ നിത്യതയിലേക്ക് യാത്രയായി. പ്രിയതമയുടെ അടഞ്ഞ കണ്ണുകളിലേക്ക് നോക്കി അയാൾ കുറെ സമയം അങ്ങനെയിരുന്നു. ഏതാനും തുള്ളി കണ്ണീർ കണങ്ങൾ അയാളിരുന്ന തറയിലേക്ക് വീണുകൊണ്ടിരുന്നു.

നമ്മുടെ ജീവിതത്തിലെ തിരുശേഷിപ്പ് സ്നേഹം മാത്രമാണ്. സ്നേഹം മാത്രമേ ഈ ലോകത്ത് നിന്ന് യാത്രചെയ്യുമ്പോൾ നമ്മൾ കൊണ്ടുപോകുകയുള്ളൂ . ബാക്കി എല്ലാം അവശേഷിപ്പുകൾ മാത്രം. കവികൾ പാടുന്ന സ്നേഹമോ, പ്രണയങ്ങളിൽ നിറയുന്ന സ്നേഹമോ, സിനിമയിലെ സ്നേഹമാസ്മരികതയോ അല്ല യഥാർത്ഥ സ്നേഹം. അത് ഉള്ളിൽ നിന്ന് ഉയരേണ്ടതാണ്, ജീവിക്കേണ്ടതാണ്, അനുഭവിക്കേണ്ടതാണ്. സ്നേഹിക്കാം, സ്നേഹം കൊടുക്കാം കാരണം അത് മാത്രമാണ് അനശ്വരം.

വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിനെഴുതിയ ലേഖനം പതിമൂന്നാം അദ്ധ്യത്തിൽ പറയുന്നത് പോലെ " സ്‌നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.