മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓര്‍മ; കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ നടത്തി

മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓര്‍മ; കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ നടത്തി

കൊച്ചി: മലയാള സിനിമയുടെ അമ്മ മുഖമായിരുന്ന നടി കവിയൂര്‍ പൊന്നമ്മ ഇനി ഓര്‍മ. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ആലുവയിലെ വീട്ടുവളപ്പില്‍ നടന്നു. സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെയടക്കം നിരവധിയാളുകള്‍ പൊന്നമ്മയുടെ വീട്ടില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ക്യാന്‍സര്‍ ബാധിതയായി കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു അന്ത്യം. ഇതോടെ അറുപത്തിയഞ്ച് വര്‍ഷം നീണ്ട അഭിനയ ജീവിതത്തിനാണ് തിരശീല വീണത്. ഇതിനിടെ അറുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷമായി സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ മെയില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുമ്പോള്‍ സ്റ്റേജ് 4 എന്ന ഗുരുതര നിലയിലായിരുന്നു. ഈ മാസം മൂന്നിനാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആലുവയിലെ വസതിയായ ശ്രീപാദത്തില്‍ സഹോദരന്‍ മനോജിനൊപ്പമായിരുന്നു താമസം.

പത്തനംതിട്ട തിരുവല്ലയ്ക്ക് സമീപം കവിയൂരില്‍ ടി.പി ദാമോദരന്റെയും ഗൗരി ദാമോദരന്റെയും മകളായി 1945 സെപ്തംബര്‍ 10 നാണ് ജനനം. സിനിമാ നിര്‍മാതാവ് പരേതനായ എം.കെ മണിസ്വാമിയാണ് ഭര്‍ത്താവ്. മകള്‍ ബിന്ദു മിഷിഗണ്‍ സര്‍വകലാശാലയില്‍ പ്രൊഫസറായ ഭര്‍ത്താവ് വെങ്കട്ടറാമിനൊപ്പം അമേരിക്കയിലാണ്.

പരേതയായ നടി കവിയൂര്‍ രേണുക സഹോദരിയാണ്. സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം 1971, 1972, 1973, 1994 വര്‍ഷങ്ങളില്‍ നേടി. ഭരത് മുരളി പുരസ്‌കാരം, പി.കെ റോസി, കലാരത്‌നം പുരസ്‌കാരം, സംസ്‌കാരിക വകുപ്പിന്റെ പ്രത്യേക അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്. നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മേഘതീര്‍ത്ഥം എന്ന സിനിമ നിര്‍മിക്കുകയും ചെയ്തിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.