ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം: മൂന്ന് പേര്‍ക്ക് പരിക്ക്; വീടുകളും വാഹനങ്ങളും തകര്‍ന്നു

 ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം: മൂന്ന് പേര്‍ക്ക് പരിക്ക്;  വീടുകളും വാഹനങ്ങളും തകര്‍ന്നു

ടെല്‍ അവീവ്: വടക്കന്‍ ഇസ്രയേലിലെ ഹൈഫയില്‍ ലെബനന്‍ സായുധ സംഘമായ ഹിസ്ബുള്ളയുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ഹൈഫയിലേക്ക്  നൂറോളം   റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തു വിട്ടത്.

റോക്കറ്റുകളില്‍ ചിലത് ആകാശത്ത് വച്ചു തന്നെ തകര്‍ത്തതായി ഇസ്രയേലി സൈന്യം അറിയിച്ചു. മറ്റുള്ളവ വടക്കന്‍ തീര നഗരത്തിന്റെ പ്രാന്തപ്രദേശമായ കിര്യത് ബിയാലിക്കില്‍ പതിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ഏതാനും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ആക്രമണങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ രാത്രി വടക്കന്‍ ഇസ്രയേലിലുടനീളം വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ആയിരക്കണക്കിന് ആളുകളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി. ജനവാസ കേന്ദ്രങ്ങളില്‍ ഹിസ്ബുള്ളയുടെ റോക്കറ്റുകള്‍ പതിച്ചതായി ഇസ്രയേല്‍ പറഞ്ഞു.

അതിരാവിലെ ബാരേജുകളിലൊന്നില്‍ സൈറണുകള്‍ മുഴങ്ങിയപ്പോള്‍ രാമത് യിഷായിക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ 17 വയസുകാരന്‍ മരിച്ചു. സൈറണുകള്‍ മുഴങ്ങിയപ്പോള്‍ ഡ്രൈവര്‍ പരിഭ്രാന്തനാകുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതാണ് അപകട കാരണം. വാഹനത്തിലുണ്ടായ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തില്‍ രണ്ട് വയോധികര്‍ക്കും പതിനാറ് വയസുള്ള പെണ്‍കുട്ടിക്കുമാണ് പരിക്കേറ്റത്. മൂവരെയും ഹൈഫയിലെ രംബാം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ലോവര്‍ ഗലീലിയിലെ മോറെഷെറ്റിലെ ഒരു വീട്ടില്‍ റോക്കറ്റ് പതിച്ചെങ്കിലും കാര്യമായ മാറ്റങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗലീലി കടലിനു ചുറ്റും സൈറണുകള്‍ മുഴക്കിയിരുന്നു.

ഹൈഫ മേഖലയിലെ റാഫേല്‍ പ്രതിരോധ സ്ഥാപനത്തെ ലക്ഷ്യമിട്ടാണ് റോക്കറ്റുകള്‍ തൊടുത്തതെന്ന് ഹിസ്ബുള്ള പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ലെബനനില്‍ 37 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പേജര്‍, വോക്കി-ടോക്കി സ്‌ഫോടനങ്ങള്‍ക്ക് മറുപടിയായാണ് വ്യോമാക്രമണമെന്നും ഹിസ്ബുള്ള വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.