'സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍ നിന്നു പഠിപ്പിക്കണം': അന്നയുടെ മരണത്തില്‍ വിചിത്ര പ്രതികരണവുമായി നിര്‍മല സീതാരാമന്‍

'സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍ നിന്നു പഠിപ്പിക്കണം': അന്നയുടെ മരണത്തില്‍ വിചിത്ര പ്രതികരണവുമായി നിര്‍മല സീതാരാമന്‍

ചെന്നൈ: ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് മലയാളി അന്ന സെബാസ്റ്റ്യന്‍ മരിച്ചതില്‍ വിചിത്ര പരമാര്‍ശവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍ നിന്നു പഠിപ്പിക്കണം.

ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂവെന്നും അന്നയുടെ മരണത്തില്‍ കേന്ദ്രമന്ത്രി പറഞ്ഞു.ചെന്നൈയിലെ സ്വകാര്യ കോളജില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍.

'രണ്ട് ദിവസം മുന്‍പ് ജോലി സമ്മര്‍ദം കാരണം ഒരു പെണ്‍കുട്ടി മരണപ്പെട്ടതായി വാര്‍ത്ത കണ്ടു. കോളജുകള്‍ വിദ്യാര്‍ത്ഥികളെ നന്നായി പഠിപ്പിക്കുകയും ക്യാംമ്പസ് റിക്രൂട്ട്മെന്റിലൂടെ അവര്‍ക്ക് ജോലി നേടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എത്ര വലിയ ജോലി നേടിയാലും സമ്മര്‍ദങ്ങളെ നേരിടാന്‍ വീട്ടില്‍ നിന്നും പഠിപ്പിക്കണം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ' - കേന്ദ്ര ധനമന്ത്രി പറഞ്ഞു.

അതേസമയം, അമിത ജോലി ഭാരം മൂലം യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് വിശദമായ അന്വേഷണ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എറണാകുളം കങ്ങരപ്പടി പേരയില്‍ സിബി ജോസഫിന്റെയും അനിത അഗസ്റ്റിന്റെയും മകളാണ് അന്ന. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പാസായതോടെ നാല് മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ആദ്യ ജോലിയുടെ ആവേശവുമായി മാര്‍ച്ച് 19 ന് പൂനെയിലെ എണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ ഓഫീസിലെത്തി. ജൂലൈ 20 ന് ഹോസ്റ്റലിലായിരുന്നു അന്ത്യം.

അന്നയുടെ മാതാവ് അനിത അഗസ്റ്റിന്‍ കമ്പനിയുടെ ചെയര്‍മാനെഴുതിയ ഹൃദയഭേദകമായ കത്ത് ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ഇതോടെയാണ് യുവതിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.

ഉറങ്ങാന്‍ പോലും സമയം കിട്ടാത്ത ജോലി. അനാരോഗ്യകരമായ തൊഴില്‍ മത്സരം. അതാണ് അന്നയെ തളര്‍ത്തിയതെന്നും സംസ്‌കാര ചടങ്ങില്‍ പോലും കമ്പനിയില്‍ നിന്നാരും പങ്കെടുത്തില്ലെന്നും കുടുംബം പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.