തൃശൂര്‍: പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം വിവാദത്തില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് നാളെ തന്റെ കൈയില്‍ എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂരില്‍ അഴീക്കോടന്‍ രക്തസാക്ഷിദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
പൂരവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നുവെന്നും ആ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 24 നകം കിട്ടണമെന്ന് മുഖ്യമന്ത്രി എന്ന നിലയ്ക്ക് താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദേഹം പറഞ്ഞു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ എന്താണെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിഷയത്തില്‍ മാധ്യമങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
ഡി.ജി.പിയുടെ കൈയിലാണ് നിലവില്‍ റിപ്പോര്‍ട്ട് ഉള്ളത്. നാളെ ഇത് തന്റെ കൈയില്‍ എത്തും. റിപ്പോര്‍ട്ടില്‍ ഇന്നതാണ് പറഞ്ഞിരിക്കുന്നത് എന്ന് ചില വലതുപക്ഷ മാധ്യമങ്ങള്‍ വലിയതോതില്‍ ഇപ്പോഴേ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എവിടെ നിന്നാണ് ലഭിച്ചത്? അവര്‍ക്ക് തോന്നിയതെല്ലാം എഴുതിവെക്കുകയാണ്. അവര്‍ ആഗ്രഹിച്ചതാണ് റിപ്പോര്‍ട്ട് ചെയ്യുന്നതന്നും അദേഹം കുറ്റപ്പെടുത്തി.
എങ്ങനെയെങ്കിലും നാട് തകര്‍ന്നാല്‍ മതി എന്ന നിലപാടാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. മാധ്യമങ്ങള്‍ കൂട്ടായി ആലോചിച്ച് തിരുത്താന്‍ തയ്യാറാകണമെന്നും ഇത്തരം തെറ്റായ നടപടികള്‍കൊണ്ട് നാട് വല്ലാതെ തകര്‍ന്നുപോകുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.