ഷിരൂര്‍: ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെത്തിയ അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. ഡിഎന്‍എ പരിശോധന വേണ്ടെന്ന് അര്‍ജുന്റെ കുടുബം അറിയിച്ചാല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകും.
കാണാതായ കര്‍ണാടക സ്വദേശികള്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും കേരളത്തില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരോട് നന്ദി പറയുന്നുവെന്നും സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.
ലോറിയും മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ പകുതിയോളം ഭാഗങ്ങള്‍ കണ്ടെത്തി. അവശേഷിക്കുന്നവ ലോറിക്കുള്ളില്‍ ഉണ്ടാകാനാണ് സാധ്യത.
'പലരും പറഞ്ഞിരുന്നു പണം അനാവശ്യമായി ചിലവഴിക്കുന്നതാണ്, മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനാണ് എന്നൊക്കെ. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു. ഇനി ഞങ്ങളുടെ പൗരന്മാര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കും'- സതീഷ് സെയില്‍ പറഞ്ഞു.
തിരച്ചിലിന് പരിപൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു സതീഷ് കൃഷ്ണ സെയില്‍. കാണാതായി 72-ാം ദിവസമാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നത്.
നേവി അടയാളപ്പെടുത്തി നല്‍കിയ സിപി 2 ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയും ക്യാബിനില്‍ കുടുങ്ങിയ നിലയില്‍ അര്‍ജുന്റെ മൃതദേഹവും കണ്ടെത്തിയത്. നിരവധി സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്.
ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്.
സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടാകുകയും ചെയ്തതിന് പിന്നാലെ തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായി. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരുന്നു ജില്ലാ ഭരണകൂടം തിരച്ചില്‍ നടത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം.
ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാല്‍ ലോറി കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് സോണാര്‍ പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ലോഹ സാന്നിധ്യം കണ്ടെത്തി.
എന്നാല്‍ മോശം കാലാവസ്ഥയും പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയായിരുന്നു. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓഗസ്റ്റ് പതിനാറിന് നിര്‍ത്തിവെച്ച രക്ഷാ പ്രവര്‍ത്തനമാണ് ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ചതോടെ കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.