• Mon Jan 13 2025

മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു; പാര്‍ട്ടിയും പ്രവര്‍ത്തകരും ഒപ്പമെന്ന് കാപ്പന്‍

മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു;  പാര്‍ട്ടിയും പ്രവര്‍ത്തകരും ഒപ്പമെന്ന് കാപ്പന്‍

കൊച്ചി: മാണി സി കാപ്പന്‍ എംഎല്‍എ എല്‍ഡിഎഫ് വിട്ടു. യുഡിഎഫില്‍ ഘടകക്ഷിയാകുമെന്നാണ് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചുത്. ഘടകക്ഷിയായിട്ടായിരിക്കും താന്‍ യുഡിഎഫിന്റെ ഐശ്വര്യകേരള യാത്രയില്‍ നാളെ പങ്കെടുക്കുക എന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ദേശീയ നേതൃത്വം ഒപ്പം നില്‍ക്കുമെന്നാണ് വിശ്വാസം. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കിലും ഇപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല. പുതിയ പാര്‍ട്ടിയുണ്ടാക്കുന്ന കാര്യം പിന്നിട് ആലോചിക്കും. പാലായിലെ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കും എന്നുറപ്പാണ്. 101 ശതമാനവും അക്കാര്യത്തില്‍ വിശ്വാസമുണ്ട്.

നാളത്തെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്റുമാരും ഒരു അഖിലേന്ത്യ സെക്രട്ടറിയും പതിനേഴില്‍ ഒമ്പത് സംസ്ഥാന ഭാരവാഹികളും തന്നോടൊപ്പമുണ്ട്. ഇവരും നാളത്തെ യാത്രയില്‍ പങ്കെടുക്കും. പാലായില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അവകാശപ്പെട്ട കാപ്പന്‍ താന്‍ എംഎല്‍എ ആയ ശേഷം വമ്പന്‍ വികസനങ്ങളാണ് പാലായില്‍ നടന്നതെന്നും പറഞ്ഞു.

അക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദിയുണ്ട്. താന്‍ നല്‍കിയ അപേക്ഷകള്‍ക്കൊക്കെ അനുമതി നല്‍കിയത് അദ്ദേഹമാണ്. എന്നാല്‍, സീറ്റ് നല്‍കുന്ന കാര്യം വന്നപ്പോള്‍ മുന്നണി തന്നെ അവഗണിച്ചു. തന്നോടൊപ്പമുള്ള പ്രവര്‍ത്തകരുടെയും ദേശീയ നേതൃത്വത്തില്‍ നിന്നടക്കമുള്ള നേതാക്കളുടെയും ആവശ്യപ്രകാരമാണ് മുന്നണിമാറ്റമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

പാലാ സീറ്റില്‍ ആരംഭിച്ച തര്‍ക്കം എന്‍സിപി മുന്നണി മാറ്റത്തില്‍ എത്തി നില്‍ക്കവേ ദേശീയ നേതൃത്വം കടുത്ത ആശയക്കുഴപ്പത്തിലാണ്. മുന്നണി മാറ്റത്തിന് സന്നദ്ധമെന്ന് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചെങ്കിലും മന്ത്രി എകെ ശശീന്ദ്രന്റെ അഭിപ്രായം കൂടി കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.