'പിണറായിയുടെ ഗ്രാഫ് പൂജ്യമായി താഴ്ന്നു; പി. ശശി കാട്ടുകള്ളന്‍': വിലക്ക് ലംഘിച്ച് മുഖ്യമന്ത്രിക്കും പര്‍ട്ടിക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ച് പി.വി അന്‍വര്‍

 'പിണറായിയുടെ ഗ്രാഫ് പൂജ്യമായി താഴ്ന്നു; പി. ശശി കാട്ടുകള്ളന്‍':  വിലക്ക് ലംഘിച്ച് മുഖ്യമന്ത്രിക്കും പര്‍ട്ടിക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ച് പി.വി അന്‍വര്‍

മലപ്പുറം: പരസ്യ പ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. നിലമ്പൂര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിവി അന്‍വര്‍ തുറന്നടിച്ചത്.

പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ പരസ്യ പ്രസ്താവനകള്‍ താല്‍കാലികമായി അവസാനിപ്പിച്ചതായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നു. ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയില്‍ പറഞ്ഞത്. എന്നാല്‍ കേസന്വേഷണം കൃത്യമായല്ല നടക്കുന്നത്.

കാട്ടുകള്ളന്‍ പി. ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിഎമ്മിനോട് ചര്‍ച്ച ചെയ്യുന്നില്ല. കേരളത്തില്‍ കത്തി ജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. ആ സൂര്യന്‍ കെട്ടുപോയി എന്ന് ഞാന്‍ അദേഹത്തോട് നേരിട്ട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യമായി താഴ്ന്നു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ 11 പേജ് അടങ്ങിയ പരാതിയാണ് കൊടുത്തത്. അത് വായിച്ച അദേഹം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു. ഉള്ളുതുറന്ന് കാര്യങ്ങള്‍ പറഞ്ഞു. അജിത് കുമാറും ശശിയുമെല്ലാം കള്ളന്മാരാണെന്നും സൂക്ഷിക്കണമെന്നും താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

എഡിജിപി വാങ്ങിയ വസ്തുവിന്റെ രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സെക്രട്ടേറിയറ്റിന് ചുറ്റുമാണ് ഈ സ്ഥലങ്ങള്‍. മഹാനായ, സത്യസന്ധനായ, മാതൃകപരമായി പ്രവര്‍ത്തിക്കുന്ന എഡിജിപി എല്ലാം വാങ്ങിയത് പണം കൊടുത്താണ്. ഒരു രൂപയുടെ ചെക്കില്ല. പത്ത് ദിവസം കൊണ്ട് എല്ലാ പേപ്പറും കിട്ടുന്നു. അവനെ ഡിസ്മിസ് ചെയ്യണം. ഇവനെയാണ് മുഖ്യമന്ത്രി താലോലിച്ച് നടക്കുന്നത്. എങ്ങോട്ടാ ഈ പോക്കെന്ന് പാര്‍ട്ടി സഖാക്കള്‍ ആലോചിക്കട്ടെ.

പാവങ്ങളുടെ പാര്‍ട്ടി എന്ന് പറയുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ എല്ലാവരെയും ഭീഷണിപ്പെടുത്തി ആര്‍ക്കെതിരെയും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലാക്കി. എം.വി ഗോവിന്ദന്‍ എന്ന സഖാവിന്റെ ഗതി ഇങ്ങനെയെങ്കില്‍ ബാക്കിയുള്ളവരുെട ഗതി എന്താണ്. എല്ലാവരും ഇവരുടെ അടിമകളായി നില്‍ക്കണം എന്നതാണ് നില. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു.

മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത്. മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്റെ തടി കിട്ടിയെന്ന് പറയാനാകില്ലെന്നാണ് പറഞ്ഞത്. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അദേഹം പറഞ്ഞത്.

എന്നാല്‍ അതിന് ഇതുവരെ എസ്പിയുടെ ക്യാമ്പ് ഓഫീസില്‍ തന്നെ പ്രവേശിപ്പിച്ചിട്ടില്ല. 188 ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ 188 കേസുകളില്‍ 28 പേരെയെങ്കിലും ബന്ധപ്പെട്ടാല്‍ സത്യാവസ്ഥ പുറത്തുവരും. സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായി വിവരം കിട്ടുമെന്ന് പറഞ്ഞു. എന്നാല്‍ ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല.

സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ടും മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി ആരോപണത്തിലും എഡിജിപിക്കെതിരായ പരാതിയിലും കൃത്യമായ അന്വേഷണം നടക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടക്കുമെന്ന് തനിക്ക് പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിച്ചു.തന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെയും പി.വി അന്‍വര്‍ പരിഹസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.