ഷിരൂർ: കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം അർജുന്റെ ബന്ധുക്കൾക്ക് ഇന്ന് തന്നെ കൈമാറും. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ് ഷിരൂരില്‍ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ ഒത്തുനോക്കിയത്.
ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക് ആരംഭിക്കും. ഇനി സാങ്കേതിക നടപടികൾ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭർത്താവ് ജിതിൻ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഗംഗാവലിപ്പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ കാബിന്‍ ലഭിച്ചത്. ലോറിയില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ലോറി അര്‍ജുന്റേത് തന്നെയെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹഭാഗങ്ങളാണെന്ന് സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയത്. ലോറിയുടെ കാബിനില്‍ നടത്തിയ പരിശോധനയില്‍ അര്‍ജുന്റെ രണ്ട് ഫോണുകളും കുട്ടിക്ക് വാങ്ങിയ കളിപ്പാട്ടവും പാത്രങ്ങളും വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.