'ഒളിവില്‍ പോകാന്‍ സഹായിച്ചു, സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചു': മകന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

'ഒളിവില്‍ പോകാന്‍ സഹായിച്ചു, സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചു': മകന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘം.

സിദ്ദിഖിന്റെ മകന്‍ അടക്കം അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മകന്റെ സുഹൃത്തുക്കള്‍ സിദ്ദിഖിനെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

സിദ്ദിഖിന്റെ മകന്‍ ഷെഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാദിര്‍ ബേക്കര്‍, പോള്‍ ജോയ് എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സിദ്ദിഖിനെ ഒളിവില്‍ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണ സംഘം പറഞ്ഞു. സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചത് ഇവരായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

സിദ്ദിഖ് സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇതേകുറിച്ച് ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും നിലവില്‍ ഷഹീന്റെ രണ്ട് സുഹൃത്തുക്കളെയും വിട്ടയച്ചുവെന്നും വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണം സംഘം അറിയിച്ചു. അതേസമയം അന്വേഷണ സംഘത്തിനെതിരെ സിദ്ദിഖിന്റെ മകന്‍ ഷെഹീന്‍ രംഗത്തെത്തിയിരുന്നു.

സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ഷെഹീന്റെ ആരോപണം. സിദ്ദിഖിന്റെ വിവരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഭീഷണിയെന്നും ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷെഹീന്‍ പറഞ്ഞു. തനിക്കൊപ്പം സുഹൃത്തുക്കള്‍ യാത്ര ചെയ്തിരുന്നുവെന്നും അച്ഛന്‍ എവിടെയെന്നറിയില്ലെന്നും ഷെഹീന്‍ പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.