നസ്രള്ളയ്ക്ക് പിന്നാലെ ഹിസ്ബുള്ള കമാന്‍ഡര്‍ നബീല്‍ കൗഖിനേയും വധിച്ചതായി ഇസ്രയേല്‍; ഇറാന്‍ സൈനിക ഉപമേധാവിയും കൊല്ലപ്പെട്ടു

നസ്രള്ളയ്ക്ക് പിന്നാലെ ഹിസ്ബുള്ള കമാന്‍ഡര്‍ നബീല്‍ കൗഖിനേയും വധിച്ചതായി ഇസ്രയേല്‍; ഇറാന്‍ സൈനിക ഉപമേധാവിയും കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ലബനന്‍ ഇസ്ലാമിക സായുധ സംഘടനയായ ഹിസ്ബുളളയുടെ പരമോന്നത നേതാവ് സയ്യിദ് ഹസന്‍ നസ്രള്ളയുടെ വധത്തിന് പിന്നാലെ മറ്റൊരു നേതാവിനെയും വധിച്ചെന്ന വിവരം പുറത്തു വിട്ട് ഇസ്രയേല്‍. ഹിസ്ബുള്ളയുടെ പ്രിവന്റീവ് സെക്യൂരിറ്റി യൂണിറ്റിന്റെ കമാന്‍ഡര്‍ നബീല്‍ കൗഖാണ് കൊല്ലപ്പെട്ടത്.

ഹിസ്ബുള്ള ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നസ്രള്ളയുടെ കൊലപാതകവും ആദ്യം ഹിസ്ബുള്ള അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. 1980 കള്‍ മുതല്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന കൗഖ് 2006 ല്‍ ഇസ്രയേലുമായി നടന്ന യുദ്ധത്തില്‍ സുപ്രധാനമായ പങ്ക് വഹിച്ചിരുന്നു.

അന്ന് ഹിസ്ബുള്ളയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സുരക്ഷാ കാര്യങ്ങളടക്കം ചര്‍ച്ച ചെയ്യാനും മാധ്യമങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടിരുന്ന അദേഹം നസ്രള്ളയുടെ പിന്‍ഗാമിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന നേതാവായിരുന്നു.

അതിനിടെ നസ്രള്ളയുടെ വധത്തിനൊപ്പം ഇറാന്‍ സൈനിക ഉപ മേധാവിയും കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. ഇറാനിയന്‍ എലൈറ്റ് ഫോഴ്സിന്റെ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ബാസ് നില്‍ഫോ റൗഷാന്‍ ആണ് കൊല്ലപ്പെട്ടത്. ഹസന്‍ നസ്രള്ള ആക്രമിക്കപ്പെടുമ്പോള്‍ ജനറല്‍ അബ്ബാസ് ലെബനനിലെ ബങ്കറിലുണ്ടായിരുന്നു.

നസ്രള്ളയുടെ കൊലപാതകത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനി സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദേഹത്തിന്റെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.

നസ്രള്ളയുടെ കൊലപാതകം ആസൂത്രണം ചെയ്യാന്‍ സഹായിച്ചത് ഇറാന്‍ പൗരനായ ഇസ്രയേല്‍ ചാരനാണെന്നാണ് ഒടുവില്‍ പുറത്തു വരുന്ന വിവരം.

ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നസ്രള്ള എത്തിയ ബങ്കറില്‍ ഇസ്രയേല്‍ കൃത്യമായി മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലെബനന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമമായ പാരീസിയന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നസ്രള്ള അതീവ രഹസ്യമായി ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയില്‍ ഉന്നതതല യോഗം ചേരുന്നുവെന്ന വിവരമാണ് ചാരന്‍ വഴി ഇസ്രയേലിന് ലഭിച്ചത്. ഇതോടെ ഈ ഭൂഗര്‍ഭ അറയിലേക്ക് ഇസ്രയേല്‍ മിസൈലുകള്‍ തൊടുത്തു.

ശനിയാഴ്ച പുലര്‍ച്ചയോടെയുണ്ടായ ആക്രമണത്തിലാണ് നസ്രള്ള കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ആറ് പേരാണ് മരണമടഞ്ഞത്. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ആറ് കെട്ടിടങ്ങളും തകര്‍ന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.