മുഡ ഭൂമിയിടപാട് കേസ്: കർണാടക സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം; കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി

മുഡ ഭൂമിയിടപാട് കേസ്: കർണാടക സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം; കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി

ബംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണവും. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇഡിയുടെ പ്രാഥമിക അന്വേഷണം. സിദ്ധരാമയ്യക്കെതിരെ എഫ്.ഐ.ആറിന് സമാനമായി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടാണ് ഇഡി ഫയൽ ചെയ്തത്.

സിദ്ധരാമയ്യ, ഭാര്യ ബി.എൻ പാർവതി, ഭാര്യ സഹോദരൻ മല്ലികാർജുന സ്വാമി, മല്ലികാർജുന സ്വാമി സ്ഥലം വാങ്ങിയ ദേവരാജു എന്നിവർക്ക് എതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയത്. നേരത്തെ കേസിൽ സിദ്ധരാമയ്യക്കെതിരെ ബെംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൈസൂരു ലോകായുക്ത പൊലീസാണ് കേസ് അന്വേഷിക്കേണ്ടത്. മൂന്ന് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം.

ഗവർണർക്കെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതിക്കെതിരെ നൽകിയ ഹർജിയാണ് തള്ളിയത്. സാധാരണ ഗവർണർ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്.

എന്നാൽ അസാധാരണ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനിക്കാം. അത്തരമൊരു സാഹചര്യം ആണിതെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.