ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്റെ നൂറിലധികം മിസൈലുകള്‍: ടെല്‍ അവീവില്‍ വെടിവെപ്പ്, എട്ട് മരണം; ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്റെ നൂറിലധികം മിസൈലുകള്‍: ടെല്‍ അവീവില്‍ വെടിവെപ്പ്, എട്ട് മരണം; ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ടെല്‍ അവീവ്: ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ സെന്‍ട്രല്‍ ഇസ്രയേലിലെ ജാഫയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ മരിച്ചു. ഭീകരാക്രമണമാണ് നടന്നതെന്നാണ് വിലയിരുത്തല്‍. വെടിവെപ്പ് നടത്തിയ രണ്ട് പേരെ സുരക്ഷാ സേന വധിച്ചു.

മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് സൂചന. ഇസ്രയേലിലെ ടെല്‍ അവീവില്‍ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഇറാന്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുള്ളവര്‍ വീടുകളിലും മറ്റുമായുള്ള സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഇറാഖ്, ജോര്‍ദാന്‍ വ്യോമപാത അടച്ചു.

ഇറാനില്‍ നിന്ന് രാജ്യത്തേക്ക് മിസൈല്‍ ആക്രമണം ഉണ്ടായതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേലിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസിയും അറിയിച്ചു. പൗരന്മാര്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം വ്യക്തമാക്കുന്നു.

മലയാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന മേഖലയില്‍ ആക്രമണം നടന്നതായാണ് വിവരം. ആക്രമണത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ഇറാന്റെ മിസൈല്‍ ആക്രമണം. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവച്ചു തന്നെ ഇസ്രയേല്‍ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദേശീയ സുരക്ഷാ കൗണ്‍സിലുമായി അടിയന്തിര യോഗം ചേര്‍ന്നു. ഇസ്രയേലിന് ആവശ്യമായ സൈനിക സഹായം നല്‍കാന്‍ ബൈഡന്‍ നിര്‍ദേശം നല്‍കി. ഇസ്രയേലിനെതിരായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇറാന്‍ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കും. ഈ തെറ്റിന് ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദേഹം വ്യക്തമാക്കി.

അതേസമയം ആക്രമണം അവസാനിച്ചതായുള്ള സൂചനകളും ഇറാന്‍ നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കിയാല്‍ വീണ്ടും ആക്രമണം നടത്തുമെന്നും ഇറാന്‍ അറിയിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രല്ല കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.