പാര്‍ട്ടി രൂപീകരണം പ്രഖ്യാപിച്ച് പി.വി അന്‍വര്‍; പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കും: വന്യമൃഗ ശല്യം ഒരു വിഷയമായി ഏറ്റെടുക്കും

പാര്‍ട്ടി രൂപീകരണം പ്രഖ്യാപിച്ച് പി.വി അന്‍വര്‍; പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കും: വന്യമൃഗ ശല്യം ഒരു വിഷയമായി ഏറ്റെടുക്കും

മലപ്പുറം: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്ട്രീയ പാര്‍ട്ടിയായി മാറും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മത്സരിക്കും. യുവാക്കളുടെ പിന്തുണ ലഭിക്കും. പരിപൂര്‍ണ മതേതര സ്വഭാവവുമുള്ള പാര്‍ട്ടി ആയിരിക്കും രൂപീകരിക്കുകയെന്നും അന്‍വര്‍ വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടി അല്ലാതെ സാമൂഹ്യ  സംഘടനകള്‍   കൊണ്ട് കാര്യമില്ല. ഒരു ഹിന്ദു പാര്‍ട്ടി വിട്ടാല്‍ അവനെ സംഘി ആക്കും, ഒരു മുസ്ലീം പാര്‍ട്ടി വിട്ടാല്‍ അവനെ സുഡാപ്പിയാക്കുമെന്നും സിപിഐഎമ്മിനെതിരെ അന്‍വര്‍ പറഞ്ഞു.

ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് ആണേലും കാര്യം പറയും. അടുത്തതായി വന്യമൃഗ ശല്യ വിഷയം ഏറ്റെടുക്കും. വനം വകുപ്പിന് കീഴില്‍ വലിയ ഗൂഡാലോചനയാണ് നടക്കുന്നത്. പലതും തുറന്ന് പറയും. തന്നെ പുറത്താക്കിയത് തന്റെ വിഷയം പറഞ്ഞിട്ടില്ല, ജനങ്ങളുടെ വിഷയം പറഞ്ഞിട്ടാണെന്നും പി.വി അന്‍വര്‍ ആവര്‍ത്തിച്ചു.

ഇടത് മുന്നണിയുടെ ഭാഗമായിരുന്ന പി.വി അന്‍വര്‍ എന്നാല്‍ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് സിപിഎം ബന്ധം ഉപേക്ഷിച്ചാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം അന്‍വര്‍ രംഗത്തെത്തിയത്.

ഇന്നും മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ ആരോപണം ഉന്നയിച്ചു. ദ ഹിന്ദുവിലെ വിവാദ അഭിമുഖം ഗൂഢാലോചനയാണെന്നാണ് അന്‍വറിന്റെ ആരോപണം. മുസ്ലീം ഭൂരിപക്ഷമുള്ള ജില്ല ദേശ ദ്രോഹികളുടെ നാടാണ് എന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.