പശ്ചിമേഷ്യയിലെ സംഘര്‍ഷം: വ്യോമപാതകള്‍ ഒഴിവാക്കി വിമാനക്കമ്പനികള്‍; വിമാനങ്ങള്‍ റദ്ദാക്കി യു.എ.ഇയിലെ എയര്‍ലൈനുകള്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷം: വ്യോമപാതകള്‍ ഒഴിവാക്കി വിമാനക്കമ്പനികള്‍; വിമാനങ്ങള്‍ റദ്ദാക്കി യു.എ.ഇയിലെ എയര്‍ലൈനുകള്‍

അബുദാബി: പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിനിടെ, വിമാനങ്ങള്‍ റദ്ദാക്കിയും വഴിതിരിച്ചുവിട്ടും യു.എ.ഇ ആസ്ഥാനമായുള്ള എയര്‍ലൈനുകള്‍. ഇറാന്‍ ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ മധ്യപൂര്‍വദേശത്തിന്റെ പല ഭാഗങ്ങളിലും വ്യോമപാതകള്‍ അടച്ച സാഹചര്യത്തിലാണ് നടപടി. എമിറേറ്റ്സ്, ബ്രിട്ടിഷ് എയര്‍വേയ്സ്, ലുഫ്താന്‍സ, ഖത്തര്‍ എയര്‍വേയ്സ്, ദുബായ്, ദോഹ, അബുദാബി തുടങ്ങിയ പ്രമുഖ മിഡില്‍ ഈസ്റ്റ് ഹബ്ബുകളിലേക്കുള്ള എണ്‍പതോളം വിമാനങ്ങള്‍ ചൊവ്വാഴ്ച, ക്വയ്‌റോ, യൂറോപ്യന്‍ നഗരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടു. ട്രാക്കിങ് സേവനമായ ഫ്‌ളൈറ്റ് റഡാര്‍24-ല്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.

ജര്‍മ്മനിയില്‍ നിന്ന് പുറപ്പെട്ട് പശ്ചിമേഷ്യന്‍ മേഖലയുടെ ആകാശത്ത് കൂടെ സഞ്ചരിച്ച് ഇന്ത്യയില്‍ എത്തേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ പാതിവഴിയില്‍ തിരികെ ജര്‍മ്മനിയിലേക്ക് മടങ്ങി. ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയുടെ വിമാനങ്ങളാണ് ചൊവ്വാഴ്ച രാത്രി തിരികെ പോയത്.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എല്‍എച്ച് 756, ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട എല്‍എച്ച് 752 എന്നീ വിമാനങ്ങള്‍ തുര്‍ക്കിയ്ക്ക് മുകളിലെത്തിയപ്പോഴാണ് ഇറാന്‍ ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് അടിയന്തരമായി വിമാനങ്ങള്‍ തിരികെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നാലെ ഇന്ത്യയില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള മടക്ക വിമാനങ്ങള്‍ ലുഫ്താന്‍സ റദ്ദാക്കി. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ ഇനി സര്‍വീസ് ഉണ്ടാകില്ലെന്ന് ലുഫ്താന്‍സ അറിയിച്ചു.

സ്വിറ്റ്സര്‍ലാന്‍ഡിന്റെ സ്വിസ് എയര്‍ലൈന്‍സും ഈ രാജ്യങ്ങളുടെ മുകളിലൂടെ സര്‍വീസ് ഉണ്ടാകില്ല എന്ന് വ്യക്തമാക്കി.

പല എയര്‍ലൈനുകളും ഈ മേഖലയിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ അല്ലെങ്കില്‍ പ്രശ്‌നബാധിത വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നത് ഒഴിവാക്കുകയോ ചെയ്തതായി അധികൃതര്‍ പറഞ്ഞു. ദുബായിലെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്സ്, ഇറാഖ് (ബസ്ര, ബാഗ്ദാദ്), ഇറാന്‍ (ടെഹ്റാന്‍), ജോര്‍ദാന്‍ (അമ്മാന്‍) എന്നിവിടങ്ങളിലേയ്ക്ക് പറക്കേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായും ഉപയോക്താക്കള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമം നടത്തുന്നതായും എയര്‍ലൈന്‍ അറിയിച്ചു.

ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേയ്ക്ക് ദുബായ് വഴി ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും എയര്‍ലൈന്‍ അറിയിച്ചു.

പശ്ചിമേഷ്യയ്ക്ക് മുകളിലൂടെ പറക്കുന്ന എല്ലാ വിമാനങ്ങളുടെയും സുരക്ഷ ഓരോ ദിവസവും വിലയിരുത്തപ്പെടുന്നുണ്ടെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. ഇതനുസരിച്ച് ആവശ്യമെങ്കില്‍ സര്‍വീസുകളില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.