പി ആർ ഏജൻസിക്ക് വേണ്ടി ഒരു പണവും സർക്കാർ നൽകിയിട്ടില്ല; ഹിന്ദു ദിനപത്രം മാന്യമായ നിലപാടാണ് സ്വീകരിച്ചത്: മുഖ്യമന്ത്രി

പി ആർ ഏജൻസിക്ക് വേണ്ടി ഒരു പണവും സർക്കാർ നൽകിയിട്ടില്ല; ഹിന്ദു ദിനപത്രം മാന്യമായ നിലപാടാണ് സ്വീകരിച്ചത്: മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദ പരാമർശം സംബന്ധിച്ച വിശദീകരണം നൽകിയ ‘ദ ഹിന്ദു ദിനപത്രം മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഒന്നിനും പി ആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഏജൻസിയുമായി തനിക്ക് ബന്ധമില്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ പി ആർ ഏജൻസി അഭിമുഖം നൽകാനായി തങ്ങളെ സമീപിച്ചുവെന്നാണ് ഹിന്ദു വിശദീകരണത്തിൽ പറയുന്നത്. ഇത്തരത്തിൽ ഒരാൾ സമീപിച്ചതിനെതിരെ നടപടി സ്വീകരിക്കണ്ടേ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.

“ഹിന്ദുവിന് ഇന്‍റർവ്യൂ നൽകിക്കൂടെ എന്ന് ചോദിച്ച് ഹരിപ്പാട് മുൻ എം.എൽ.എ ദേവകുമാറിന്‍റെ മകൻ സുബ്രഹ്മണ്യൻ സമീപിക്കുകയായിരുന്നു. അത് പ്രകാരമാണ് ഇന്‍റർവ്യൂ നൽകിയത്. അതിൽ ഒരു ചോദ്യം അൻവർ ഉയർത്തിയ ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു. പ്രസിദ്ധീകരിച്ച് വന്നപ്പോൾ ഞാൻ പറയാത്ത ചില കാര്യങ്ങൾ അതിൽ വന്നു. അതിൽ അവരുടെ വിശദീകരണം പിന്നീട് വന്നു. മാന്യമായ നിലപാടാണ് ഹിന്ദു സ്വീകരിച്ചത്.

“പി ആർ ഏജൻസിക്ക് വേണ്ടി ഒരു പണവും സർക്കാർ നൽകിയിട്ടില്ല. അവരുമായി നടന്ന സംഭാഷണം എന്താണെന്ന് എനിക്കറിയില്ല. ഏജൻസിയുമായി എനിക്ക് ബന്ധമില്ലെന്നു മാത്രമല്ല, ഉത്തരവാദിത്തം ഒരു ഏജൻസിയേയും ഏൽപിച്ചിട്ടുമില്ല. സർക്കാറിന്‍റെ ഭാഗമായി അത്തരത്തിൽ ഒരു ഏജൻസിയും പ്രവർത്തിക്കുന്നില്ല. മാധ്യമങ്ങൾ തമ്മിലുള്ള തർക്കത്തിന് എന്നെ ഉപയോഗിക്കരുത്. ഏതെങ്കിലും ഒരു ജില്ലയേയോ അവിടുത്തെ ആളുകളെയോ മോശക്കാരായി ചിത്രീകരിക്കേണ്ട ആവശ്യം എനിക്കില്ല. ഇക്കാര്യത്തിലുള്ള നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്” -മുഖ്യമന്ത്രി പറഞ്ഞു.

പി.വി അൻവറിന്‍റെ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെന്നും വർഗീയതക്കെതിരായ നിലപാടാണ് സർക്കാർ എപ്പോഴും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഭൂരിപക്ഷ വർഗീതയും ന്യൂനപക്ഷ വർഗീയതയും കാണാനാവും. വർഗീയവാദികൾക്കൊപ്പം നിൽക്കുന്ന നിലപാടാണ് അൻവറിന്‍റേത്. ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് സ്വാഭാവികമാണ്. പ്രകോപനപരമായ മറുപടി ഇപ്പോൾ നൽകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.