അന്‍വറിന്റെ പാര്‍ട്ടി ഡിഎംകെ മുന്നണിയിലേക്ക്? ചെന്നൈയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

അന്‍വറിന്റെ പാര്‍ട്ടി ഡിഎംകെ മുന്നണിയിലേക്ക്? ചെന്നൈയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം: സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പി.വി അന്‍വര്‍ എംഎല്‍എ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന.

പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെ അന്‍വര്‍ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പി.വി അന്‍വറിന്റെ അനുയായികള്‍ സ്റ്റാലിന്റെ ചിത്രങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്. അന്‍വറിന്റെ ലക്ഷ്യം ഇന്ത്യ മുന്നണിയാണെന്നാണ് സൂചന. അണിയറ നീക്കങ്ങള്‍ ഇതിനോടകം സജീവമാണ്.

ദക്ഷണേന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംകെയുമായി ചേര്‍ന്ന് മുന്നോട്ട് പോകാനുള്ള പദ്ധതി നേരത്തേ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. പുതിയ സാഹചര്യത്തില്‍ നീക്കങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് അന്‍വര്‍ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

അതേസമയം മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കുന്ന അന്‍വറിന്റെ പുറകെ പോകേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്.

അന്‍വറിന്റെ ശ്രമം മുസ്ലിം കേന്ദ്രീകരണത്തിനാണ്. മുസ്ലിം കേന്ദ്രീകരണം ആഗ്രഹിക്കുന്നവര്‍ അന്‍വറിനെ വിലയ്‌ക്കെടുത്തു എന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. അന്‍വറിനെതിരെ കടുത്ത വിമര്‍ശനമാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്.

അതിനിടെ നിയമസഭയില്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം കഴിഞ്ഞ ദിവസം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.