ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി; പുനപരിശോധന ഹര്‍ജി തള്ളി

ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി; പുനപരിശോധന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സുപ്രീം കോടതി. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജെ.ബി പരിദ്വാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. അഭിഭാഷകനായ മാത്യൂസ് നെടുമ്പാറയും മറ്റൊരാളും സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജിയാണ് കോടതി തള്ളിയത്.

'പുനപരിശോധന ഹര്‍ജികള്‍ പരിശോധിച്ചതില്‍ രേഖയില്‍ ഒരു തെറ്റും വ്യക്തമല്ല. സുപ്രീം കോടതി ചട്ടങ്ങള്‍ 2013 ലെ XLVII റൂള്‍1 പ്രകാരം പുനപരിശോധിക്കേണ്ട ആവശ്യമില്ല. അതിനാല്‍ പുനപരിശോധന ഹര്‍ജികള്‍ തള്ളുന്നു'- കോടതി നിരീക്ഷിച്ചു.

ഫെബ്രുവരി 15 നാണ് ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്.

ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1) (എ) അനുച്ഛേദത്തിന്റെയും ലംഘനമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും കോടതി പറഞ്ഞിരുന്നു.

തുടര്‍ന്ന് ബോണ്ടുകള്‍ വാങ്ങുന്നവരുടെയും സ്വീകര്‍ത്താക്കളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെ 2019 ഏപ്രിലിനും 2024 ഫെബ്രുവരി 15 നും ഇടയില്‍ വാങ്ങിയത് 22,217 ബോണ്ടുകളാണെന്നും അതില്‍ 22,030 എണ്ണം രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയതായും എസ്ബിഐ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.