തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടാകുന്ന പകര്‍ച്ച വ്യാധികളുടെ കാരണം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിന്റെ വണ്‍ ഹെല്‍ത്തിന്റെ ഭാഗമായി സംയോജിത പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മനുഷ്യനെ ഗുരുതരമായി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനുമാണ് പരിശോധനകള്‍ നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു.
ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പകര്‍ച്ച വ്യാധികളുടെ കണക്കുകള്‍ അടിസ്ഥാനമാക്കി പഞ്ചായത്ത് തലങ്ങളില്‍ ഉള്‍പ്പെടെയാണ് ഫീല്‍ഡുതല പരിശോധനകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ പരിശോധന നടന്നിരുന്നു. പരിശോധനകള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതല ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള കാരണം കണ്ടെത്തിയതിന് ശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. കോട്ടയം ജില്ലയില്‍ എലിപ്പനി, ആലപ്പുഴയില്‍ പക്ഷിപ്പനി, ഇടുക്കിയില്‍ ചെള്ളുപനി, പത്തനംതിട്ടയില്‍ ജലജന്യ രോഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫീല്‍ഡുതല പരിശോധനകളാണ് നടന്നത്.
ഫീല്‍ഡുതല പരിശോധനകളുടെ കണ്ടെത്തലുകള്‍ക്കനുസരിച്ച് മാര്‍ഗരേഖയില്‍ മാറ്റങ്ങള്‍ വരുത്തി അന്തിമരൂപം നല്‍കും. പരിശോധനകള്‍ക്ക് മുന്നോടിയായി ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി വകുപ്പുതല ഏകോപന യോഗങ്ങളും അതത് ജില്ലകളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.