രണ്ട് മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് റോമിലേക്ക്; ആദ്യ പറക്കലിനൊരുങ്ങി ഹൈപ്പര്‍ സോണിക് വിമാനം

 രണ്ട് മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് റോമിലേക്ക്; ആദ്യ പറക്കലിനൊരുങ്ങി ഹൈപ്പര്‍ സോണിക് വിമാനം

ന്യൂഡല്‍ഹി: രണ്ട് മണിക്കൂറില്‍ ടെക്സാസില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യാനാകും വിധം ഹൈപ്പര്‍സോണിക് വേഗത്തില്‍ പറക്കുന്ന വിമാനം 2025 ല്‍ ആദ്യ പരീക്ഷണ പറക്കലിന് ഒരുങ്ങുന്നു. വീനസ് എയറോസ്പേസ്, വെലോന്‍ഡ്ര എന്നി കമ്പനികള്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ജെറ്റ് വിമാനം ഹൈപ്പര്‍ സോണിക് യാത്ര യാഥാര്‍ത്ഥ്യമാക്കുമെന്നാണ് വിലയിരുത്തല്‍.

വീനസ് സ്റ്റാര്‍ഗേസര്‍ എം-4 എന്ന് പേരിട്ടിരിക്കുന്ന വിമാനത്തിന് അത്യാധുനിക റോക്കറ്റ് എഞ്ചിനാണുള്ളത്. പരീക്ഷണം വിജയം കണ്ടാല്‍ ഭൂമിയില്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്ന സമയം വിപ്ലവകരമായി കുറയ്ക്കാന്‍ ഈ വിമാനത്തിന് സാധിക്കും. പരമാവധി മണിക്കൂറില്‍ 5795 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനുള്ള ശേഷിയും ഈ വിമാനത്തിന് കൈവരിക്കാനാവും. ടെക്സാസില്‍ നിന്ന് ലണ്ടനിലേക്ക് രണ്ട് മണിക്കൂറില്‍ യാത്ര ചെയ്യാമെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് ഇറ്റലിയിലെ റോമിലേക്കും അതേ സമയപരിധിയില്‍ ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാം.

അതേസമയം വീനസും വെലോന്‍ഡ്രയും മാത്രമല്ല ഈ രംഗത്തുള്ളത്. കോണ്‍കോര്‍ഡിന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടുന്ന എക്സ്ബി-1 എന്ന വിമാനം ഇതിനകം മൂന്ന് പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സെപ്റ്റംബറിലാണ് ഒടുവിലത്തെ പരീക്ഷണം പറക്കല്‍ നടത്തിയത്. 15000 അടി ഉയരത്തില്‍ മണിക്കൂറില്‍ 429 കിലോമീറ്റര്‍ വേഗത്തിലാണ് വിമാനം സഞ്ചരിച്ചത്. 32 മിനിറ്റ് നേരമായിരുന്നു പരീക്ഷണ പറക്കല്‍. എന്നാല്‍ സൂപ്പര്‍ സോണിക് വേഗം കൈവരിക്കുന്നതിന് ഈ വിമാനത്തിന് ഇനിയും ഒമ്പത് പരീക്ഷണ പറക്കല്‍ കൂടി നടത്തേണ്ടതായുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.