വൈദികനെ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ അത്യപൂര്‍വ്വം.
ചങ്ങനാശേരി: സിറോ മലബാര്‍ സഭാ വിശ്വാസികള്‍ക്ക് അഭിമാനമായി മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്. ചങ്ങനാശേരി അതിരൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെയാണ് വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പ കര്‍ദിനാളായി പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന് നടക്കും.
അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ആശ്ചര്യത്തിലും ആഹ്ലാദത്തിലുമാണ് ചങ്ങനാശേരി അതിരൂപത. മെത്രാന്‍ പോലും അല്ലാത്ത വൈദികനെ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ്.
21 പുതിയ കര്‍ദിനാള്‍മാരെയാണ് മാര്‍പാപ്പ പ്രഖ്യാപിച്ചത്. നിലവില്‍ വത്തിക്കാനില്‍ മാര്‍പാപ്പയുടെ ഓദ്യോഗിക സംഘത്തില്‍ അംഗമാണ് നിയുക്ത കര്‍ദിനാള്‍. ചങ്ങനാശേരി മാമ്മൂട് ലൂര്‍ദ് മാതാ പള്ളി ഇടവകാംഗമാണ്. മാര്‍പാപ്പയുടെ യാത്രകള്‍ തീരുമാനിക്കുന്ന ചുമതലയായിരുന്നു അദേഹത്തിന്
മോണ്‍സിഞ്ഞോര്‍ ജോര്‍ജ് നടത്തിപ്പോരുന്ന സ്തുത്യര്‍ഹമായ സേവനവും നയതന്ത്ര മികവും പരിഗണിച്ചാണ് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തിന്റെ പൊതു കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒന്നാം വിഭാഗത്തിലേക്ക് അദേഹത്തിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്.
വത്തിക്കാന്റെ പൊതുവായ ഭരണം, ചിലവുകള്‍, പരിപാലനം, മാര്‍പ്പാപ്പയുടെ യാത്രകള്‍, പൊതുക്കൂടിക്കാഴ്ചാ വേളയില്‍ തയ്യാറാക്കുന്ന ടെക്സ്റ്റുകളുടെ വിവിധ ഭാഷകളിലേക്കുളള വിവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം, വത്തിക്കാന്‍ പാസ്പോര്‍ട്ട് ഓഫീസ് ചുമതല എന്നിവയാണ് ഒന്നാം സെക്ഷനില്‍ നിയമനം ലഭിക്കുന്നവരുടെ പ്രധാന ഉത്തരവാദിത്വങ്ങള്‍.
നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട് മാമ്മൂട് ലൂര്‍ദ് മാതാ ഇടവക കൂവക്കാട് ജേക്കബ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1973 ഓഗസ്റ്റ് 11 നാണ് ജനിച്ചത്. കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി, റോമിലെ സേദസ് അബ്യന്‍സേ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി.
2004 ജൂലൈ 24 ന് മാര്‍ ജോസഫ് പവ്വത്തില്‍ പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. എസ്.ബി കോളേജില്‍ നിന്ന് ബി.എസ്.സി ബിരുദവും റോമില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍ അസിസ്റ്റ്ന്റ് വികാരിയായി ശുശ്രൂഷ ചെയ്തു.
തുടര്‍ന്ന് 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ ജോലി ചെയ്തു വരുന്നു. അള്‍ജീരിയ, സൗത്ത് കൊറിയ, ഇറാന്‍, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളിലെ നയതന്ത്ര ശുശ്രൂഷകള്‍ക്ക് ശേഷം 2020 മുതല്‍ ഫ്രാന്‍സിസ് പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലയുള്ള സ്റ്റേറ്റ് നയതന്ത്ര ഉദ്യോഗസ്ഥനായി ശുശ്രൂഷ നിര്‍വഹിച്ചു വരവേയാണ് പുതിയ നിയമനം.
കഴിഞ്ഞ വിശുദ്ധ വാരത്തില്‍ അദേഹം മാതൃ ഇടവകയായ മാമ്മൂട്ടിലും മറ്റ് ഇടവകളിലും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അതിരൂപതാ ഭവനത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
പുതിയതായി നിയമിക്കപ്പെട്ട 21 കര്‍ദിനാള്‍മാരുടെയും നിയമനം ഡിസംബര്‍ എട്ടിന് വത്തിക്കാനില്‍ നടക്കും. മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകം അതിന് മുമ്പായി നടത്തപ്പെടും. കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്നതോടെ മാര്‍പ്പായെ തിരഞ്ഞെടുക്കുന്ന കര്‍ദിനാള്‍ സംഘത്തിലെ അംഗമായി മോണ്‍. ജോര്‍ജ് കൂവക്കാട് മാറും. മാത്രമല്ല, ആഗോള കത്തോലിക്കാ സഭയില്‍ സുപ്രധാന ചുമതല വഹിക്കുന്ന വ്യക്തിയായി തീരുകയും ചെയ്യും.
നിയുക്ത കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടിന്
ചങ്ങനാശേരി അതിരൂപതയുടെ അനുമോദനങ്ങള്‍
ചങ്ങനാശേരി: പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന് മാതൃ രൂപതയായ ചങ്ങനാശേരി അതിരൂപതയുടെ ആശംസകളും പ്രാര്‍ത്ഥനകളും. അദേഹത്തിന്റെ നിയമനത്തില്‍ ചങ്ങനാശേരി അതിരൂപത അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
നിയുക്ത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലും മോണ്‍. ജോര്‍ജ് കൂവക്കാടിന് ആശസകള്‍ അര്‍പ്പിച്ചു. ചങ്ങനാശേരി അതിരൂപതാ വൈദിക ഗണത്തില്‍ നിന്നുള്ള മൂന്നാമത്തെ കര്‍ദിനാളാണ് മോണ്‍. ജോര്‍ജ് കൂവക്കാട്. മാര്‍ ആന്റണി പടിയറ, മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരാണ് മറ്റു രണ്ട് കര്‍ദിനാള്‍മാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.