പനാജി: ഗോവയുടെ സംരക്ഷകനായ സെന്റ് ഫ്രാന്‍സിസ് സേവ്യറുടെ തിരുശേഷിപ്പിനെ അവഹേളിച്ച ആര്‍.എസ്.എസിന്റെ ഗോവ മുന്‍ മേധാവിയുടെ പ്രസ്താവന വന്‍ വിവാദത്തിലേക്ക്. തിരുശേഷിപ്പിന്റെ ഡിഎന്‍എ പരിശോധിക്കണമെന്നാണ് ആര്‍എസ്എസ് നേതാവായ സുഭാഷ് വെല്ലിങ്കാറിന്റെ വിചിത്രമായ ആവശ്യം. രാഹുല്‍ ഗാന്ധിയടക്കം പ്രതിപക്ഷ നേതാക്കള്‍ വിശുദ്ധ ഫ്രാന്‍സിസിനെതിരായ അധിക്ഷേപ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ക്രൈസ്‌വര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഗോവയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
സെന്റ് ഫ്രാന്‍സിസ് സേവ്യറിനെ ഗോവയുടെ സംരക്ഷകനെന്ന് വിളിക്കാനാവില്ലെന്ന് വെല്ലിങ്കാര്‍ പറഞ്ഞതിനെതുടര്‍ന്ന് ഗോവയിലെ വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണുണ്ടായത്. വിശുദ്ധ ഫ്രാന്‍സിന്റെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ബോം ജീസസ് പള്ളി യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ വരെ ഇടം പിടിച്ചിട്ടുള്ളതാണ്.
സുഭാഷിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ശനിയാഴ്ച രാത്രി തെക്കന്‍ ഗോവയിലെ മഡ്ഗാവില്‍ ദേശീയപാത ഉപരോധിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഞായറാഴ്ചയും വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു.
വെല്ലിങ്കാറിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗോവ മുന്‍ മുഖ്യമന്ത്രി ചര്‍ച്ചില്‍ അലിമാവോ രംഗത്തെത്തി. ആര്‍എസ്എസ് നേതാവ് സാമുദായിക സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച് അലിമാവോ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും വെല്ലിങ്കാറിനെ അറസ്റ്റ് ചെയ്യണമെന്നും മുന്‍ മുഖ്യന്‍ ചര്‍ച്ചില്‍ അലിമാവോ ആവശ്യപ്പെട്ടു. സമുദായ സൗഹാര്‍ദം തകര്‍ന്നാല്‍ ഉത്തരവാദി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആയിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസമാണ് ആര്‍എസ്എസ് നേതാവ് വെല്ലിങ്കാര്‍ സെന്റ ഫ്രാന്‍സിസ് സേവ്യറിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. വെല്ലിങ്കാറുടെ വര്‍ഗീയ വിദ്വേഷ പ്രസ്താവനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല.
സുഭാഷ് വെല്ലിങ്കാറിന്റെ അപകീര്‍ത്തികരമായ പ്രസ്താവനയെ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (സി.എസ്.ജെ.പി) എക്‌സിക്യൂട്ടിവ് സെക്രട്ടറി ഫാ. സാവിയോ ഫെര്‍ണാണ്ടസ് അപലപിച്ചു. അതേസമയം, സാമുദായിക സൗഹാര്‍ദവും സമാധാനവും നിലനിര്‍ത്തുന്നതിന് സംയമനം പാലിക്കണമെന്ന് അദ്ദേഹം പ്രതിഷേധ രംഗത്തുള്ളവരോട് ആവശ്യപ്പെട്ടു. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ച സുഭാഷ് വെല്ലിങ്കാര്‍ക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.
മുന്‍കൂര്‍ ജാമ്യം തേടി സുഭാഷ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെ, വിവാദ പരാമര്‍ശത്തിനെതിരെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ബോധപൂര്‍വം സാമുദായിക സംഘര്‍ഷമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇതിനെതിരെ ജനങ്ങള്‍ രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി സൗന്ദര്യവും വിവിധ ജനവിഭാഗങ്ങളുടെ ഐക്യവുമാണ് ഗോവയുടെ സവിശേഷത. എന്നാല്‍, ബി.ജെ.പി ഭരണത്തിന്‍കീഴില്‍ സംസ്ഥാനത്തെ സൗഹാര്‍ദവും ഐക്യവും ഭീഷണി നേരിടുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിസ് സേവ്യറുടെ തിരുശേഷിപ്പ് പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ സൗകര്യം ഒരുക്കാറുണ്ട്. ഗോവയിലെ പനാജി നഗരത്തിനടുത്തുള്ള ബോം ജീസസ് ദേവാലയത്തിലാണ് തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത്. നവംബര്‍ 21 മുതല്‍ ജനുവരി 5 വരെയുള്ള തിരുനാള്‍ ഒരുക്കങ്ങള്‍ ദേവാലയത്തില്‍ നടന്നുവരികയാണ്. ഇതിനിടയിലാണ് പ്രകോപനപരമായ പ്രസ്താവന സംഘപരിവാര്‍ നേതാവിന്റെ ഭാഗത്തു നിന്നുണ്ടായത്.
സെന്റ് തോമസിനു ശേഷം സുവിശേഷ പ്രചരണത്തിനായി ഇന്ത്യയിലെത്തിയ സ്‌പെയിന്‍ സ്വദേശിയായ മിഷണറിയാണ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍. 1512ല്‍ രോഗംബാധിച്ചു മരണമടഞ്ഞ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്നത് ഗോവയിലെ 'നല്ല ഈശോ' കത്തീഡ്രലില്‍ ആണ്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഈ പള്ളിയും ഉള്‍പ്പെടുന്നു. 1622 മാര്‍ച്ച് 12-നാണ് പോപ്പ് ഗ്രിഗറി പതിനഞ്ചാമന്‍ ഫ്രാന്‍സിസ് സേവ്യറിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.