'ഇരുവരുടെയും ആശ്ചര്യകരമായ കണ്ടെത്തല്‍ ജീന്‍ നിയന്ത്രണത്തിന് തികച്ചും പുതിയൊരു മാനം വെളിപ്പെടുത്തി'.
സ്റ്റോക്ക്‌ഹോം: 2024 ലെ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ അംബ്രോസും ഗാരി റോവ്കിനുമാണ് പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്.
മൈക്രോ ആര്‍എന്‍എയുടെ കണ്ടെത്തലിനും പോസ്റ്റ് ട്രാന്‍സ്‌ക്രിപ്ഷനല്‍ ജീന്‍ നിയന്ത്രണത്തില്‍ അതിന്റ പങ്ക് സംബന്ധിച്ച പഠനത്തിനുമാണ് അംഗീകാരം. സ്വീഡനിലെ സ്റ്റോക്ക്‌ഹോം കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നൊബേല്‍ അസംബ്ലിയിലായിരുന്നു പ്രഖ്യാപനം നടന്നത്.
മൈക്രോ ആര്‍എന്‍എ കണ്ടെത്തുകയും ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതിനുമാണ് ഇരുവര്‍ക്കും നൊബേല്‍ നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജീന്‍ നിയന്ത്രണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ചെറിയ ആര്‍എന്‍എ തന്മാത്രകളുടെ പുതിയ ക്ലാസ് മൈക്രോ ആര്‍എന്‍എയാണ് ഇരുവരും ചേര്‍ന്ന് കണ്ടെത്തിയത്. ആയിരത്തിലധികം മൈക്രോ ആര്‍എന്‍എകള്‍ക്ക് മനുഷ്യ ജീനോം കോഡുകള്‍ ഉണ്ടെന്ന് ഇപ്പോള്‍ ലോകം തിരിച്ചറിഞ്ഞു.
ഇരുവരുടെയും ആശ്ചര്യകരമായ കണ്ടെത്തല്‍ ജീന്‍ നിയന്ത്രണത്തിന് തികച്ചും പുതിയൊരു മാനം വെളിപ്പെടുത്തി. ജീവികള്‍ എങ്ങനെ വികസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നതിന് മൈക്രോ ആര്‍എന്‍എകള്‍ അടിസ്ഥാനപരമായി പ്രധാനമാണെന്ന് തെളിയിക്കുന്നതായും നൊബേല്‍ അക്കാദമി പറഞ്ഞു.
2023 ലെ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കാറ്റലിന്‍ കരീക്കോ, ഡ്രൂ വിസ്മാന്‍ എന്നിവര്‍ക്കാണ് ലഭിച്ചത്. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് നിര്‍ണായക സംഭവാനകള്‍ നല്‍കിയ ശാസ്ത്രജ്ഞരാണ് ഇവര്‍. കോവിഡിനെതിരായ 'mRNA' വാക്‌സിന്‍ വികസിപ്പിക്കുന്നതിലേക്ക് ശാസ്ത്ര സമൂഹത്തെ നയിച്ചത് ഇവരുടെ കണ്ടുപിടിത്തമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.