മഹാരാഷ്ട്രയിലെ ദളിത് കുടുംബത്തിനൊപ്പം 'ഹര്‍ഭര്യാഞ്ചി ഭജി' പാചകം ചെയ്ത് കഴിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ

മഹാരാഷ്ട്രയിലെ ദളിത് കുടുംബത്തിനൊപ്പം 'ഹര്‍ഭര്യാഞ്ചി ഭജി' പാചകം ചെയ്ത് കഴിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ

കോലാപൂര്‍: മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഉംചാവോനിലെ ദളിത് കര്‍ഷകന്റെ വീട്ടിലെത്തി ദളിതരുടെ ഇഷ്ട ഭക്ഷണമായ 'ഹര്‍ഭര്യാഞ്ചി ഭജി' പാചകത്തില്‍ പങ്കെടുത്തും ഭക്ഷണം കഴിച്ചും രാഹുല്‍ ഗാന്ധി.

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സന്ദര്‍ശനത്തിനിടെയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് ദളിത് നേതാവിന്റെ വീട്ടിലെത്തി കുടുംബത്തോടൊപ്പം പാചകത്തില്‍ പങ്കെടുക്കുകയും അവരൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തത്.

ഉംചാവോനിലെ ദളിത് കര്‍ഷകന്‍ അജയ് തുക്കറാം സനഡെയുടെ വീട്ടിലാണ് രാഹുല്‍ എത്തിയത്. കടല, ഉള്ളിത്തണ്ട്, വഴുതന, തക്കാളി എന്നിവയെല്ലാം ഉപയോഗിച്ചുണ്ടാക്കുന്ന ഭജിയാണ് 'ഹര്‍ഭര്യാഞ്ചി' ദളിത് കിച്ചണ്‍സ് ഓഫ് മരത്വാഡ എന്ന പുസ്തകത്തിന്റെ രചയിതാവായ ഷാഹു പട്ടോലയും രാഹുലിനൊപ്പമുണ്ടായിരുന്നു.

ഞങ്ങളെ പോലുള്ള ദളിത് ജനത എന്ത് കഴിക്കുന്നുവെന്നത് ആര്‍ക്കുമറിയില്ലെന്ന് തന്റെ പുസ്തകത്തില്‍ പട്ടോല വ്യക്തമാക്കിയിരുന്നു. ഈ പരാമര്‍ശമാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് പട്ടോലയോട് രാഹുല്‍ വ്യക്തമാക്കി. പട്ടോലയുമായുള്ള സംസാരം ദളിതര്‍ നേരിടുന്ന വിവേചനത്തേക്കുറിച്ചും പുതിയ തിരിച്ചറിവുകള്‍ നല്‍കിയെന്നും രാഹുല്‍ വ്യക്തമാക്കി.

ജാതി വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നെന്നും തന്റെ ഗ്രാമത്തിലെ ഉന്നത ജാതിക്കാര്‍ ദളിതരുടെ വീട്ടില്‍ നിന്ന് വെള്ളം പോലും കുടിക്കില്ലെന്ന് പട്ടോല വ്യക്തമാക്കി. ഏഴുത്തുകാരനെന്ന പദവിയെ അവര്‍ അംഗീകരിക്കുന്നുണ്ട്. പക്ഷെ, തന്റെ ജാതിയെ അവര്‍ അംഗീകരിക്കുന്നില്ലെന്നും പട്ടോല രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത വരവില്‍ തങ്ങള്‍ ഞെട്ടിപ്പോയെന്ന് അജയ് തുക്കറാം സനഡെ പറഞ്ഞു. ആദ്യം ഒരു ഗ്ലാസ് വെള്ളം കൊടുത്തെങ്കിലും വിശക്കുന്നുവെന്നും എന്തെങ്കിലും പാചകം ചെയ്യാമെന്നും രാഹുല്‍ പറഞ്ഞു. ഇതോടെയാണ് 'ഹര്‍ഭര്യാഞ്ചി ഭജി' പാചകം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.