വോട്ട് നിലയില്‍ വെറും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഭരണത്തില്‍ ഹാട്രിക് അടിച്ച ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം എന്നറിയുമ്പോഴാണ് ആം ആദ്മിയെ ഒപ്പം കൂട്ടാത്തതിന്റെ നഷ്ടം ബോധ്യപ്പെടുക. ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ലെങ്കിലും ഹരിയാനയില്‍ എഎപിയുടെ വോട്ട് ഷെയര്‍ 1.76 ശതമാനമാണ്.
കാലത്തിന്റെ ചുവരെഴുത്തുകള്‍ കാണാതെ അമിത ആത്മവിശ്വാസത്തിന്റെ ആകാശക്കോട്ടകള്‍ കെട്ടിയ ഹരിയാനയിലെ കോണ്‍ഗ്രസ് നേതൃത്വമാണ് ജനങ്ങള്‍ താലത്തില്‍ വച്ചുനീട്ടുമായിരുന്ന ഒരു മഹാവിജയം തട്ടിത്തെറുപ്പിച്ച് ബിജെപിക്ക് ഹാട്രിക് സമ്മാനിച്ചത്.
അതില്‍ മുഖ്യ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയും ജാട്ട് വിഭാഗക്കാരനുമായ ഭൂപീന്ദര്‍ സിങ് ഹൂഡയാണ്. ജാട്ട് വിഭാഗം അടപടലം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന അദേഹത്തിന്റെ അതിരുകടന്ന ആത്മവിശ്വാസമാണ് ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ വരെ പൊളിച്ചു കളഞ്ഞത്.
ആം ആദ്മിയുമായി സഖ്യം വേണ്ടെന്ന കര്‍ശനമായ നിലപാടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ അദേഹം സ്വീകരിച്ചു വന്നത്. ഇരു പാര്‍ട്ടികളും തമ്മില്‍ നടന്ന സീറ്റ് വിഭജന ചര്‍ച്ചയുടെ ആദ്യ യോഗത്തില്‍ നിന്നു തന്നെ ഹൂഡ കോപാകുലനായി ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. സംസ്ഥാനത്തെ തലമുതിര്‍ന്ന നേതാവിനെ തള്ളാന്‍ ഹൈക്കമാന്‍ഡും തയ്യാറായില്ല.
ബിജെപിയുടെ തുടര്‍ച്ചയായ പത്ത് വര്‍ഷത്തെ ഭരണവിരുദ്ധ വികാരത്തിനൊപ്പം ജാട്ടുകളുടെയും കര്‍ഷകരുടെയും പിന്തുണകൂടി ലഭിച്ചാല്‍ വിജയം ഉറപ്പെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകളാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ തകര്‍ന്നടിഞ്ഞത്.
ഭരണവിരുദ്ധ വികാരം മുന്നില്‍ കണ്ട് മനോഹര്‍ ലാല്‍ ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നായബ് സിങ് സെയ്‌നിയെ കൊണ്ടുവരുകയും പിന്നീട് സാധാരണ ജനങ്ങള്‍ക്കായി പല ക്ഷേമ പദ്ധതികളും നടപ്പിലാക്കി ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടതും കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചറിയാന്‍ കഴിയാതെ പോയതും പരാജയ കാരണമായി.
വോട്ട് നിലയില്‍ വെറും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഭരണത്തില്‍ ഹാട്രിക് അടിച്ച ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം എന്നറിയുമ്പോഴാണ് ആം ആദ്മിയെ ഒപ്പം കൂട്ടാത്തതിന്റെ നഷ്ടം ബോധ്യപ്പെടുക.
ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ലെങ്കിലും ഹരിയാനയില്‍ എഎപിയുടെ വോട്ട് ഷെയര്‍ 1.76 ശതമാനമാണ്. അവര്‍ പിടിച്ചതിലധികവും കോണ്‍ഗ്രസിന്റെ വോട്ടുകളും. ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്ത് ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിച്ചിരുന്നെങ്കില്‍ ഹരിയാന കൈപ്പിടിയിലൊതുക്കാമായിരുന്നു. ആ സാധ്യതയാണ് കളഞ്ഞുകുളിച്ചത്.
മാത്രമല്ല, ജാട്ട് വോട്ടുകളില്‍ അമിത പ്രതീക്ഷയര്‍പ്പിച്ച ഹൂഡ അടക്കമുള്ള നേതാക്കള്‍ സംസ്ഥാനത്തെ ഒബിസി എന്ന വലിയൊരു വിഭാഗത്തെ മറക്കുകയും ചെയ്തു. ഈ സാഹചര്യം മുതലെടുത്താണ് ബിജെപി ഒബിസി വിഭാഗത്തിന് അനുകൂലമായ ചില ക്ഷേമ പദ്ധതികള്‍ കൊണ്ടു വരികയും അവരെ കൈയ്യിലെടുക്കുകയും ചെയ്തത്.
ചുരുക്കി പറഞ്ഞാല്‍ ഉള്‍ക്കാഴ്ചയില്ലാതെ കോണ്‍ഗ്രസ് നടപ്പാക്കിയ തന്ത്രങ്ങളെല്ലാം കുരുക്ഷേത്ര ഭൂമിയായ ഹരിയാനയില്‍ പാളിയ കാഴ്ചയാണ് കണ്ടത്. ഫലമോ... തോല്‍വി ഭയന്ന് മത്സരിച്ച ബിജെപി ജയിക്കുകയും വിജയം ഉറപ്പാക്കി മത്സരിച്ച കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.