സ്‌കൂള്‍ കലോത്സവം: അപ്പീലിനുള്ള ഫീസ് 500 ല്‍ നിന്ന് 1000 ആക്കി ഉയര്‍ത്തി; ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന മത്സരയിനം അഞ്ചാക്കി

 സ്‌കൂള്‍ കലോത്സവം: അപ്പീലിനുള്ള ഫീസ് 500 ല്‍ നിന്ന് 1000 ആക്കി ഉയര്‍ത്തി; ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന മത്സരയിനം അഞ്ചാക്കി

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തില്‍ ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ മത്സര അപ്പീലിന് നല്‍കേണ്ട ഫീസും ഇരട്ടിയാക്കി. ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്‌കൂളുകളില്‍ നിന്ന് നല്‍കേണ്ട വിഹിതവും ഉയര്‍ത്തി.

സംസ്‌കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും അടക്കം ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനങ്ങളുടെ എണ്ണമാണ് രണ്ട് ഗ്രൂപ്പ് അടക്കം അഞ്ചായി ചുരുക്കിയത്. നിലവില്‍ ജനറല്‍, സംസ്‌കൃതം, അറബിക് കലോത്സവങ്ങളില്‍ ഓരോന്നിലും രണ്ട് ഗ്രൂപ്പ് ഇനങ്ങള്‍ അടക്കം പരമാവധി അഞ്ച് ഇനങ്ങളിലും മത്സരിക്കാമായിരുന്നു. എന്നാല്‍ ഇനി എല്ലാ കലോത്സവങ്ങളിലുമായി മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും മാത്രമാകും പങ്കെടുക്കാനാവുക.

കലോത്സവ മത്സരങ്ങള്‍ സംബന്ധിച്ച അപ്പീല്‍ നല്‍കുന്നതിനുള്ള ഫീസ് സ്‌കൂള്‍ തലത്തില്‍ 500 ല്‍ നിന്ന് 1000 ആക്കി. ഉപജില്ലാ തലത്തില്‍ 1000 രൂപയില്‍ നിന്ന് 2000 ആയും ജില്ലയില്‍ 2000 ത്തില്‍ നിന്ന് 3000 ആയും ഉയര്‍ത്തി. സംസ്ഥാന തലത്തില്‍ അപ്പീല്‍ നല്‍കാനുള്ള ഫീസ് 2500ല്‍ നിന്ന് 5000 രൂപയായും വര്‍ധിപ്പിച്ചു. ജില്ലാതല അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തില്‍ കെട്ടിവെക്കേണ്ട നിരതദ്രവ്യം 5000ത്തില്‍ നിന്ന് 10,000 രൂപയാക്കി. ജില്ലാതല വിജയിയേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ ലഭിച്ചില്ലെങ്കില്‍ തുക തിരിച്ചു ലഭിക്കില്ല.

സംസ്ഥാന കലോത്സവത്തില്‍ ജില്ലാതല അപ്പീലിലൂടെ എത്തുന്നവര്‍ക്ക് ജില്ലാതലത്തില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയെത്തിയ മത്സരാര്‍ഥിയേക്കാള്‍ മെച്ചപ്പെട്ട സ്‌കോര്‍ ലഭിക്കണം. എങ്കില്‍ മാത്രമേ ഗ്രേഡിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുകയുള്ളൂ. നിലവില്‍ ജില്ലാതല വിജയിക്കൊപ്പം സ്‌കോര്‍ നേടിയാലും മതിയായിരുന്നു.

കൂടാതെ അഞ്ച് പുതിയ മത്സര ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മംഗലം കളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നിവയാണ് പുതിയ ഇനങ്ങള്‍. ജനുവരി ആദ്യം തിരുവനന്തപുരത്ത് കലോത്സവം നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.