സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്.
ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നു കാട്ടുകയും ചെയ്യുന്ന തീക്ഷ്ണതയുള്ള കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങിന്റേതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.
ശരീരവും ആത്മാവും തമ്മിലും ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുമുള്ള ബന്ധത്തെക്കുറിച്ചും ഹാന്‍ കാങിന് സവിശേഷമായ അവബോധമുണ്ട്. കാവ്യാത്മകവും പരീക്ഷണാത്മകവുമായ ശൈലി ഹാന്‍ കാങിനെ സമകാലിക ഗദ്യത്തില്‍ പുതുമയുള്ളതായി മാറിയെന്നും സ്വീഡിഷ് അക്കാദമി വിലയിരുത്തി.
സാഹിത്യ നൊബേല്‍ നേടുന്ന ആദ്യ ദക്ഷിണ കൊറിയക്കാരിയായ ഹാന്‍ കാങ് ദക്ഷിണ കൊറിയന്‍ നോവലിസ്റ്റ് ഹാന്‍ സെങ് വോണിന്റെ മകളാണ്. ഗ്വാങ്ജു നഗരത്തില്‍ 1970 നവംബര്‍ 27 നാണ് ജനനം. പത്താം വയസില്‍ ഹാങിന്റെ കുടുംബം സോളിലേക്ക് കുടിയേറി. യോന്‍സി സര്‍വകലാശാലയില്‍ നിന്ന് കൊറിയന്‍ സാഹിത്യം പഠിച്ച ഹാന്‍ കാങ്കവിതകളാണ് തുടക്കത്തില്‍ എഴുതിയിരുന്നത്.
1993 ല്‍ ലിറ്ററേച്ചര്‍ ആന്റ് സൊസൈാറ്റിയുടെ വിന്റര്‍ ലക്കത്തില്‍ വന്ന അഞ്ച് കവിതകളാണ് പ്രസിദ്ധീകൃതമായ ഹാങിന്റെ ആദ്യ സൃഷ്ടി. അവരുടെ ആദ്യ സമാഹാരം 1995 ല്‍ പുറത്തിറങ്ങി. ഫ്രൂട്ട്‌സ് ഓഫ് മൈ വുമണ്‍, ദി ബ്ലാക്ക് ഡിയര്‍, യുവര്‍ കോള്‍ഡ് ഹാന്‍ഡ്, ബ്രീത്ത് ഫൈറ്റിങ്, ഗ്രീക്ക് ലസണ്‍സ് തുടങ്ങിയവയാണ് ഹാങിന്റെ പ്രധാന സൃഷ്ടികള്‍.
2016 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഹാന്‍ കാങിന്റെ 'ദി വെജിറ്റേറിയന്‍' എന്ന കൃതിക്ക് ലഭിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് അന്ന് ബുക്കര്‍ പുരസ്‌കാരം ദക്ഷിണ കൊറിയയിലേയ്ക്ക് എത്തിയത്.
ടുഡേയ്‌സ് യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, സാങ് ലിറ്റററി പ്രൈസ്, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഹാങ് നേടിയിട്ടുണ്ട്. സാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയായ ഹാന്‍ സംഗീതജ്ഞയും കലാകാരിയും കൂടിയാണ്.
1901 മുതല്‍ ഇതുവരെ 116 സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണം ഒന്നിലധികം ജേതാക്കള്‍ പങ്കിട്ടു. ഇതുവരെ 17 സ്ത്രീകള്‍ക്കാണ് സാഹിത്യ നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫൊസെയ്ക്കായിരുന്നു സാഹിത്യത്തിനുള്ള 2023 ലെ നൊബേല്‍ പുരസ്‌കാരം. ഈ വര്‍ഷത്തെ സമാധാന, സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
Related posts
A connection was successfully established with the server, but then an error occurred during the pre-login handshake. (provider: SSL Provider, error: 0 - The wait operation timed out.)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.