ആണവായുധങ്ങള്‍ക്കെതിരായ പോരാട്ടം: ജാപ്പനീസ് സംഘടന നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം

ആണവായുധങ്ങള്‍ക്കെതിരായ പോരാട്ടം:  ജാപ്പനീസ് സംഘടന  നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം

സ്റ്റോക്ക്ഹോം: ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്ഫോടനം അതിജീവിച്ചവരുടെ സംഘടനയായ ജപ്പാനിലെ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം.

ആണവായുധങ്ങളില്ലാത്ത ഒരു ലോകം നേടാനുള്ള ശ്രമങ്ങള്‍ക്കും ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്ന സംഘടനയുടെ ശക്തമായ ആഹ്വാനത്തിനുമുള്ള അംഗീകാരമായാണ് പരമോന്നത പുരസ്‌കാരം.

അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ ക്യാമ്പെയ്‌നുകള്‍ സൃഷ്ടിച്ചും ആണവായുധങ്ങളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടും ലോകമെമ്പാടും ആണവായുധങ്ങള്‍ക്കെതിരെ വ്യാപകമായ എതിര്‍പ്പ് സൃഷ്ടിക്കാനും ഏകീകരിക്കാനും ഹിബാകുഷ എന്ന പേരില്‍കൂടി അറിയപ്പെടുന്ന നിഹോണ്‍ ഹിഡാന്‍ക്യോ വലിയ പങ്ക് വഹിച്ചെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.

ആണവായുധങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങളും കഷ്ടപ്പാടുകളും എങ്ങനെയാകുമെന്ന് മനസിലാക്കാനും ഹിബാകുഷ ആഗോള തലത്തില്‍ നമ്മെ സഹായിക്കുന്നുവെന്നും കമ്മിറ്റി പറഞ്ഞു.

ഹിരോഷിമയിലും നാഗസാക്കിയിലും ആണവ ആക്രമണം നടന്ന് 11 വര്‍ഷം കഴിഞ്ഞാണ് സംഘടന രൂപം കൊണ്ടത്. ജപ്പാനിലെ ആണവാക്രമണ അതിജീവിതരുടെ ഏക രാജ്യാന്തര സംഘടന കൂടിയാണിത്. സംഘടനയുടെ ഔദ്യോഗിക നേതൃത്വത്തിലുള്ളവരും അംഗങ്ങളുമെല്ലാം അതിജീവിതരാണ്. 2016 വരെയുള്ള കണക്കുകള്‍ പ്രകാരം 1.74 ലക്ഷം അതിജീവിതരാണ് ജപ്പാനിലുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.